വിവാഹം കഴിഞ്ഞാല്‍പ്പിന്നെ വധൂവരന്മാർ നേരെ വരന്റെ വീട്ടിലേക്ക് പോകുകയാണല്ലോ പതിവ്. പക്ഷേ എട്ടുകൊല്ലം മുന്‍പ്, വിവാഹ രജിസ്റ്ററില്‍ ഒപ്പിട്ട ശേഷം കോട്ടയം സ്വദേശികളായ അഭിലാഷ് മുരളീധരനും മായമോളും നേരെ പോയത് അഭിലാഷിന്റെ വീട്ടിലേക്ക് ആയിരുന്നില്ല.
പകരം വാകത്താനം പോലീസ് സ്‌റ്റേഷനിലേക്കായിരുന്നു. എന്നിട്ട് പോലീസുകാരോട് അഭിലാഷ് പറഞ്ഞു:
“സര്‍, പ്രണയവിവാഹമായിരുന്നു. പെണ്‍വീട്ടുകാര്‍ക്ക് കുറെ എതിര്‍പ്പുണ്ട്. പ്രശ്‌നമുണ്ടാക്കരുതെന്ന് പറയണം…’
അഭിലാഷിന്റെ അഭ്യര്‍ഥന പോലീസുകാര്‍ തള്ളിക്കളഞ്ഞില്ല. അവര്‍ ഇരുവീട്ടുകാരുമായും സംസാരിച്ചു. സംഗതി രമ്യമായി പരിഹരിച്ചു. അതിനു ശേഷം അവർ അഭിലാഷിനെ ഉപദേശിച്ചു:
“നന്നായി ജീവിച്ചു കാണിച്ചു കൊടുക്കണം കേട്ടോ…?”
എന്തായാലും അന്ന് ആ പോലീസുകാര്‍ നല്‍കിയ ഉപദേശം അഭിലാഷും മായയും ശിരസാവഹിച്ചു. ഇന്ന് വാകത്താനം പോലീസ് സ്‌റ്റേഷനിലെ ഡ്രൈവറാണ് അഭിലാഷ്. മായ, വെള്ളുത്തുരുത്തി ഗവ. എല്‍.പി സ്‌കൂള്‍ അധ്യാപികയും. എട്ടുകൊല്ലത്തിനിപ്പുറം, ജനുവരി 16 തിങ്കളാഴ്ച അതേ വാകത്താനം സ്റ്റേഷനില്‍ കേക്കുമായി എത്തി, അഭിലാഷും മായയും എട്ടാം വിവാഹവാര്‍ഷികം ആഘോഷിച്ചു. വിവാഹവാര്‍ഷികം പോലീസ് സ്‌റ്റേഷനില്‍ കേക്ക് മുറിച്ച് ആഘോഷിച്ചതിനെ കുറിച്ച് ചോദിച്ചപ്പോള്‍, :ജീവിതം തുടങ്ങിയിടത്തു വച്ച് ആഘോഷിക്കാമെന്ന് കരുതി’ എന്നായിരുന്നു അഭിലാഷിന്റെ മറുപടി. വിവാഹ കാലത്ത് കടുത്ത എതിര്‍പ്പുകൾ ഉണ്ടായിരുന്നെങ്കിലും മൂന്നുമാസം കഴിഞ്ഞതോടെ മായമോളുടെ വീട്ടുകാര്‍ പിണക്കമൊക്കെ മറന്ന് ഇരുവരെയും സ്വീകരിക്കുകയും ചെയ്തു.