ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയില്‍ അണിചേരുമെന്ന് സി.പി.ഐ പാര്‍ട്ടി ജനറല്‍ സെക്രട്ടറി ഡി. രാജ, ബിനോയ് വിശ്വം എം.പി. എന്നിവരാണ് സമാപന പരിപാടിയില്‍ പങ്കെടുക്കുക. എ.ഐ.സി.സി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ ക്ഷണക്കത്തിനു നല്‍കിയ മറുപടിയിലാണ് സി.പി.ഐ പങ്കെടുക്കുമെന്നറിയിച്ചത്. ഒരുമിച്ചുനിന്ന് മെച്ചപ്പെട്ട ഇന്ത്യയെ സാധ്യമാക്കാമെന്ന് സി.പി.ഐ നിലപാട് പ്രഖ്യാപിച്ചു.
യാത്രയുടെ സമാപന സംഗമത്തില്‍ കൂടുതല്‍ പ്രതിപക്ഷ കക്ഷികള്‍ പങ്കെടുക്കുമെന്നാണ് കോണ്‍ഗ്രസിന്റെ പ്രതീക്ഷ. സി.പി.ഐക്കു പുറകേ സി.പി.എം, ഡി.എം.കെ, ജെ.ഡി.യു തുടങ്ങിയ പ്രതിപക്ഷ കക്ഷികളും പങ്കെടുക്കാനാണ് സാധ്യത. സി.പി.ഐ മാത്രമാണ് നിലവില്‍ ക്ഷണം സ്വീകരിച്ച് ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്.
ജനുവരി 30-ന് ജമ്മു കശ്മീരിലെ ശ്രീനഗറിലാണ് ഭാരത് ജോഡോ യാത്രയുടെ സമാപനം. ഇതിലേക്ക് നിലവില്‍ 23 പ്രതിപക്ഷ പാര്‍ട്ടികളെ കോണ്‍ഗ്രസ് പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ ക്ഷണിച്ചിട്ടുണ്ട്. രാജ്യത്തെ പ്രതിപക്ഷത്തിന്റെ ശക്തി തെളിയിക്കുന്നതായിരിക്കും സമാപന സമ്മേളനം. ആം ആദ്മി പാര്‍ട്ടി, ഭാരത് രാഷ്ട്രീയ സമിതി എന്നീ പാര്‍ട്ടികളുടെയെല്ലാം സാന്നിധ്യം കോണ്‍ഗ്രസ് തേടിയിട്ടുണ്ട്.