മൂന്നാർ: മഞ്ഞുകാണാന്‍ എത്തിവരില്‍ നിന്നും വനപാലകര്‍ പണം പിരിച്ചതായി ആരോപണം. സംഭവം വിവാദമായതോടെ ദേശീയോദ്യാനത്തില്‍ വാഹനം നിര്‍ത്താന്‍ പാടില്ലെന്ന മുന്നറിയിപ്പ് സന്ദേശവുമായി അധികൃതര്‍ രംഗത്തെത്തി. മൂന്നാറിൽ തണുപ്പ് പൂജ്യം ഡിഗ്രിയില്‍ താഴെ എത്തിയതോടെ വിനോദസഞ്ചാരികളുടെ ഒഴുക്ക് പതിവിലും അധികമാണ്. കന്നിമല, ചെണ്ടവാര എന്നിവിടങ്ങളില്‍ അതിശൈത്യത്തിന്റെ ദ്യശ്യങ്ങള്‍ സഞ്ചാരികള്‍ക്ക് കാണാന്‍ കഴിയുമെങ്കിലും അത് അനുഭവിച്ചറിയണമെങ്കില്‍ വട്ടവടയിലെ പാമ്പാടുംചോല ദേശീയോദ്യാനത്തില്‍ എത്തണം.
പച്ചവിരിച്ചുകിടക്കുന്ന പുല്‍മേടുകളില്‍ മെത്തവിരിച്ചതുപോലെ മഞ്ഞുതുള്ളികള്‍ കണ്ണെത്താ ദൂരംവരെ നീണ്ടുകിടക്കുന്നത് കാണാം. അതുകൊണ്ടുതന്നെ കഴിഞ്ഞ അഞ്ച് ദിവസമായി ഇവിടേക്ക് പതിനായിരങ്ങളാണ് ഒഴുകിയെത്തിയത്. സഞ്ചാരികളുടെ വരവ് വര്‍ദ്ധിച്ചതോടെ മഞ്ഞുപുതച്ച മലനിരകള്‍ കാണാന്‍ എത്തുന്ന വിനോദസഞ്ചാരികളില്‍ നിന്നും വനംവകുപ്പ് പണപിരിവ് ആരംഭിച്ചതായാണ് ആരോപണം.
ഉദ്യാ നത്തില്‍ വാഹനങ്ങള്‍ നിര്‍ത്തിയിടുന്നവരില്‍ നിന്നും 2000 രൂപ പിഴ അടയ്ക്കാന്‍ ആവശ്യപ്പെട്ടതായും ചിലര്‍ പറയുന്നു. എന്നാല്‍ ഉദ്യാനത്തില്‍ തിരക്കേറിയതോടെ വന്യമൃഗങ്ങൾക്ക് ശല്യമുണ്ടാകുന്നതരത്തില്‍ സഞ്ചാരികള്‍ പ്രവര്‍ത്തിക്കുന്നത് ഒഴിവാക്കുന്നതിന് നടപടികള്‍ ആരംഭിച്ചിരുന്നു. പണപിരിവ് നടത്തിയെന്ന ആരോപണം അടിസ്ഥാന രഹിതമാണെന്ന് വനപാലകര്‍ പറയുന്നു. ഉദ്യാനത്തിൽ പ്രവേശിക്കുന്ന ടോപ്പ് സ്റ്റേഷന്‍ അതിര്‍ത്തിയില്‍ ഉദ്യാനത്തിലൂടെ കടന്നുപോകുന്ന 5 കിലോ മീറ്റര്‍ ദൂരത്ത് വാഹനങ്ങള്‍ നിര്‍ത്തുകയോ, വന്യമ്യഗങ്ങള്‍ ആക്രമശക്തമാകുന്ന തരത്തില്‍ ഫോട്ടോ എടുക്കുകയോ ചെയ്താല്‍ പിഴ ഈടാക്കുമെന്ന മുന്നറിയിപ്പുകള്‍ കവാടത്തില്‍ ശബ്ദ സന്ദേശമായി വിനോസഞ്ചാരികള്‍ക്ക് നല്‍കുന്നുണ്ട്.