IndiaNEWS

പോലീസ് വാഹനം കാറിലിടിച്ച് ആറുവയസുകാരി കൊല്ലപ്പെട്ടു; അപകടശേഷം പോലീസുകാര്‍ ഓടിരക്ഷപ്പെട്ടു

ചണ്ഡീഗഡ്: ഹരിയാനയിലെ ഗുരുഗ്രാമില്‍ അമിതവേഗതയിലെത്തിയ പോലീസ് വാന്‍ കാറിലിടിച്ച് ആറുവയസുകാരി കൊല്ലപ്പെട്ടു. അപകടത്തില്‍ അഞ്ചുപേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. പോലീസിന്റെ എമര്‍ജന്‍സി റെസ്‌പോണ്‍സ് വെഹിക്കിള്‍ (ഇ.ആര്‍.വി) ആണ് അപകടമുണ്ടാക്കിയത്. എന്നാല്‍, അപകടത്തിന് ശേഷം പോലീസ് വാഹനം നിര്‍ത്താതെ പോകുകയും ചെയ്തു.അപകടത്തില്‍ പെട്ട പോലീസുകാര്‍ സ്ഥലത്തുനിന്നും ഓടി രക്ഷപ്പെട്ടതായി ദൃക്സാക്ഷികള്‍ പറയുന്നു.

ഇന്നലെ രാവിലെ 11 മണിയോടെയാണ് അപകടമുണ്ടായത്. പരുക്കേറ്റവരില്‍ രണ്ട് കുട്ടികളും രണ്ട് സ്ത്രീകളുമുണ്ട്. പി.സി.ആര്‍ വാന്‍ ഡ്രൈവര്‍ ഉള്‍പ്പെടെ മൂന്ന് പോലീസുകാരെ സസ്പെന്‍ഡ് ചെയ്തതായി ഗുരുഗ്രാം എ.സി.പി: വികാസ് കൗശിക് പറഞ്ഞു. സംഭവത്തില്‍ ഉള്‍പ്പെട്ട ഡ്രൈവര്‍, സ്‌പെഷ്യല്‍ പോലീസ് ഓഫീസര്‍ (എസ്പിഒ), ഹെഡ് കോണ്‍സ്റ്റബിള്‍ എന്നിവര്‍ക്കെതിരെ വകുപ്പുതല നടപടികള്‍ ആരംഭിക്കുമെന്ന് വികാസ് കൗശിക് പറഞ്ഞു. എമര്‍ജന്‍സി റെസ്‌പോണ്‍സ് വെഹിക്കിള്‍ തെറ്റായ ദിശയിലൂടെയാണ് സഞ്ചരിച്ചതെന്ന് പോലീസ് പറഞ്ഞു.

Signature-ad

ഡല്‍ഹിയില്‍ നിന്ന് ഫരീദാബാദിലേക്ക് വരുന്ന കാറിലാണ് പോലീസ് വാഹനം ഇടിച്ചത്. അപകടസ്ഥലത്ത് നിന്ന് പോലീസുകാര്‍ ഓടി രക്ഷപ്പെടുന്നതിന് പകരം ആശുപത്രിയിലേക്ക് കൊണ്ടുപോയിരുന്നെങ്കില്‍ മകള്‍ ജീവിച്ചിരിക്കുമായിരുന്നുവെന്ന് കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ പിതാവ് വിശ്വജിത്ത് പറഞ്ഞതായി വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍, ആശുപത്രിയില്‍ എത്തിക്കാന്‍ വൈകിയെന്നും അപകടത്തില്‍പ്പെട്ട കുടുംബം ആരോപിച്ചു.

 

Back to top button
error: