പത്തനംതിട്ട: കൊടുമണ്ണിലെ ഭക്ഷ്യവിഷബാധയ്ക്ക് പിന്നാലെ ജില്ലയില്‍ പരിശോധന കൂടുതല്‍ കടുപ്പിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്. കഴിഞ്ഞ 11 ദിവസങ്ങള്‍ക്കിടെ മാത്രം ജില്ലയില്‍ 43 ഹോട്ടലുകളാണ് പൂട്ടിച്ചത്. ഇതില്‍ 40 ഹോട്ടലുകള്‍ ലൈസന്‍സ് ഇല്ലാത്തതിനാലും, മൂന്ന് ഹോട്ടലുകള്‍ വൃത്തി ഇല്ലാത്തതിനാലുമാണ് പൂട്ടിച്ചത്. ലൈസന്‍സ് ഇല്ലാതെ ഇത്രയും ഹോട്ടലുകള്‍ എങ്ങനെ ഇത്രയും നാള്‍ പ്രവര്‍ത്തിച്ചുവെന്ന കാര്യം വിശദമായി പരിശോധിക്കാനാണ് അധികൃതരുടെ തീരുമാനം.
ലൈസന്‍സ് ഇല്ലാതെ കൂടുതല്‍ ഹോട്ടലുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടോയെന്ന് വരും ദിവസങ്ങളില്‍ സ്‌ക്വാഡ് തിരിഞ്ഞ് പരിശോധന നടത്തും. ഭക്ഷ്യസുരക്ഷാ നിര്‍ദേശങ്ങള്‍ പാലിക്കാതിരുന്നതിന് 24 സ്ഥാപനങ്ങള്‍ക്ക് പിഴ ചുമത്തിയിട്ടുമുണ്ട്. പത്തനംതിട്ട, അടൂര്‍, പന്തളം, തിരുവല്ല, റാന്നി, കോന്നി എന്നിവിടങ്ങളിലാണ് പരിശോധനകള്‍ നടത്തിയത്. എന്നാല്‍, പഴകിയ ഭക്ഷണങ്ങളൊന്നും കണ്ടെത്തിയില്ല. പരിശോധന മുന്‍കൂട്ടി അറിഞ്ഞതിനാല്‍ പഴകിയത് മാറ്റിയിട്ടുണ്ടാകാമെന്ന നിഗമനത്തിലാണ് അധികൃതര്‍.
ജോലിചെയ്യുന്ന ജീവനക്കാരുടെ വ്യക്തിശുചിത്വക്കുറവ്, അടിസ്ഥാന സൗകര്യങ്ങളില്ലാത്തത്, അടുക്കളയിലെ വൃത്തിയില്ലായ്മ, എന്നിവയും മിക്ക ഹോട്ടലുകളിലും പരിശോധനയില്‍ കാണാന്‍ കഴിഞ്ഞതായി അധികൃതര്‍ പറഞ്ഞു. എല്ലാ കടകളിലെയും ജീവനക്കാര്‍ക്ക് മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റുകളോ ആരോഗ്യ കാര്‍ഡുകളോ പോലുളള പ്രാഥമിക രേഖകള്‍ നിര്‍ബന്ധമായിട്ടും ഉണ്ടാകണമെന്നാണ് ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ നിര്‍ദേശം.
എന്നാല്‍, ഇതര സംസ്ഥാന തൊഴിലാളികളടക്കം ജോലിചെയ്യുന്ന ഹോട്ടലുകളിലൊന്നും ഇതുണ്ടായില്ല. മലയാളികളായ ജീവനക്കാര്‍ ജോലിചെയ്യുന്ന ഹോട്ടലുകളിലും സ്ഥിതി ഇതു തന്നെ. വളരെ വൃത്തിഹീനമായ സാഹചര്യങ്ങളില്‍ ഭക്ഷണങ്ങള്‍ ഉണ്ടാക്കുന്നിടത്ത് ഭക്ഷ്യസുരക്ഷാ വകുപ്പ് നടപടികള്‍ എടുത്തിട്ടുണ്ട്. ജില്ലയില്‍ ഭക്ഷണത്തിന്റെ വില മറ്റുസ്ഥലങ്ങളിലേ അപേക്ഷിച്ച് കൂടുതല്‍ ആണെന്ന ആക്ഷേപവും ഉണ്ട്.