CultureLIFE

കാര്‍ഷികവിളവെടുപ്പിന്റെ ആവേശത്തിൽ തമിഴ്നാട്ടിലും കേരള അതിർത്തി ഗ്രാമങ്ങളിലും പൊങ്കല്‍ ആഘോഷം 

തേനി: തമിഴ്നാട്ടില്‍ കര്‍ഷക ഉത്സവമായ പൊങ്കല്‍ ഇന്ന് ആഘോഷിക്കും. പൊങ്കല്‍ ഉത്സവം അഞ്ച്ദിവസം നീണ്ടുനില്‍ക്കുന്നതാണ്. തമിഴ്നാട്ടില്‍ കാര്‍ഷികവിളവെടുപ്പിന്റെയും സമൃദ്ധിയുടെയും ഉത്സവമാണ് തൈപൊങ്കല്‍.

തമിഴന്റെ പാരമ്പര്യ ഉല്‍സവമായ പൊങ്കല്‍ മകര മാസം ഒന്നിന് (തൈ മാസം ഒന്നാം തീയതി) അതിരാവിലെ സൂര്യനുദിക്കുമ്പോള്‍ കിഴക്കോട്ട് നോക്കി, മുറ്റത്ത് കൂട്ടിയ അടുപ്പില്‍ മണ്‍പാത്രത്തില്‍വെള്ളവും പാലും ഒഴിച്ച് അത് തിളച്ച് വീഴ്ത്തിയാണ് തുടക്കമിടുന്നത്. പൊങ്കല്‍ തിളച്ച് വീഴുമ്പോള്‍ ഏതു ദിശയിലാണ് ആദ്യം ഒഴുകുന്നത് എന്നത് വച്ച് ഈ വര്‍ഷം തങ്ങളുടെ കുടുംബങ്ങള്‍ക്ക് ആയുരാരോഗ്യം നല്‍കണമെന്ന് സൂര്യനെ നോക്കി പ്രാര്‍ഥിച്ച് പൊങ്കല്‍ ഇട്ട് എല്ലാവര്‍ക്കും വിളമ്പി ആഘോഷം നടത്തുന്നു. നല്ല വിളകള്‍ക്ക് സഹായിച്ച ഭൂമി, സൂര്യന്‍, കൃഷിയിറക്കുമ്പോള്‍ അധ്വാനത്തിന് സഹായിയായ കാള, പശുക്കള്‍ എന്നിവര്‍ക്ക് നന്ദി അറിയിക്കുന്നതും പൊങ്കല്‍ ഉല്‍സവത്തിന്റെ ഭാഗമാണ്. . അടുത്ത വര്‍ഷവും കാര്‍ഷിക സമൃദ്ധി ഉണ്ടാകണമെന്ന പ്രാര്‍ഥനയോടെയാണ് ഈ ഉല്‍സവം ആഘോഷിക്കുന്നത്.

Signature-ad

രണ്ടാം ദിവസം കാളകള്‍ക്ക് ആരോഗ്യം നല്‍കണമെന്ന് പ്രാര്‍ഥനയോടെയാണ് പൊങ്കല്‍ നടക്കുന്നത്. കാളകളെ കുളിപ്പിച്ച്, തൊഴുത്തും കാളകളെയും അലങ്കരിച്ച് തൊഴുത്തിന്റെമുറ്റത്ത് പൊങ്കാലയിടുന്നു. മൂന്നാം ദിവസം വീടുകളില്‍ വെയ്ക്കുന്നതാണ് കാണും പൊങ്കല്‍. നാലാംദിവസം ഗ്രാമവാസികള്‍ഒരുമിച്ച് ഇന്ദ്രവിഴ എന്ന പേരില്‍തെരുവുകളില്‍ പൊങ്കലിട്ട് എല്ലാവര്‍ക്കും വിതരണംചെയ്യും.

തമിഴ്നാട്ടില്‍ ദേശീയോല്‍സവമായി ആഘോഷിക്കുന്ന തൈപൊങ്കല്‍ ഉല്‍സവം കേരളത്തിലെ അതിര്‍ത്തി ഗ്രാമങ്ങളിലും ആഘോഷിക്കുന്നുണ്ട്. ഇടുക്കി, പാലക്കാട്, തിരുവനന്തപുരം ജില്ലകളിലാണ് പൊങ്കല്‍ ആഘോഷിക്കുന്നത്. ഇതിനായി മൂന്ന് ജില്ലകള്‍ക്കും കേരള സര്‍ക്കാര്‍ പ്രാദേശികമായി മകരം ഒന്നാം തീയതി പൊതു അവധി അനുവദിച്ചിട്ടുണ്ട്.

Back to top button
error: