HealthLIFE

ഈ ലക്ഷണങ്ങൾ കണ്ടാൽ അവഗണിക്കരുതേ… പക്ഷാഘാതമാകാം  

ശ്രദ്ധിച്ചില്ലെങ്കിലും പെട്ടന്ന് തിരിച്ചറിഞ്ഞില്ലെങ്കിലും അപകടകരമാകുന്ന ഒന്നാണ് പക്ഷാഘാതം. മനുഷ്യരുടെ മരണകാരണങ്ങളില്‍ മൂന്നാം സ്ഥാനത്താണ് സ്ട്രോക്ക് അഥവാ പക്ഷാഘാതമെന്നാണ് ആരോഗ്യവിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. തലച്ചോറിലേക്ക് പോകുന്ന ഒന്നോ അതിലധികമോ രക്തധമനികളുടെ തകരാറ് മൂലം തലച്ചോറിന്റെ പ്രവര്‍ത്തനത്തിന് പെട്ടെന്നുണ്ടാകുന്ന ആഘാതമാണ് സ്ട്രോക്ക് എന്ന് പറയുന്നത്.  സ്ട്രോക്ക് ഒരു ജീവിതശൈലി രോഗമാണ്. പുകവലി, അമിതവണ്ണം, വ്യായാമത്തിന്റെ അഭാവം, തെറ്റായ ആഹാരക്രമം, അമിത മദ്യപാനം എന്നിവ സ്ട്രോക്ക് വരാനുള്ള പ്രധാന കാരണങ്ങളാണ്. അമിത രക്തസമ്മര്‍ദ്ദം ഉള്ളവരില്‍ സ്ട്രോക്ക് വരാനുള്ള സാധ്യത വളരെ കൂടുതലാണ്. അതുപോലെ പ്രമേഹം, ഉയര്‍ന്ന കൊളസ്‌ട്രോളിന്റെ അളവ് ഉള്ളവരിലും സ്ട്രോക്ക് ഉണ്ടാകാം. ഹാര്‍ട്ട് അറ്റാക്ക് വന്നവരില്‍, ഹൃദയ വാല്‍വ് സംബന്ധമായ തകരാറുകള്‍ ഉള്ളവരില്‍, ഹൃദയമിടിപ്പ് ക്രമം അല്ലാത്തവര്‍, ഇവരിലൊക്കെ സ്‌ട്രോക്കിനുള്ള സാധ്യത വളരെ കൂടുതലാണ്. സാധാരണയായി 55 വയസ്സ് കഴിഞ്ഞവരിലാണ് ഈ അവസ്ഥ കൂടുതലായും കാണുന്നത്.

സ്ട്രോക്കിന്‍റെ പ്രധാന ലക്ഷണങ്ങൾ ഇവയാണ്   

  • മുഖം ഒരു ഭാഗത്തേക്ക് കോടിപ്പോവുക.
  • ശരീരത്തിന്‍റെ ഒരു വശത്ത് പെട്ടെന്നുണ്ടാകുന്ന ബലക്ഷയം.
  • കൈകാലുകളില്‍ പെട്ടെന്നുണ്ടാകുന്ന തളർച്ച.
  • അപ്രതീക്ഷിതമായി സംസാരശേഷി നഷ്ടമാകുക (സംസാരിക്കുമ്പോൾ വാക്കുകൾ കിട്ടാതിരിക്കുക, പ്രയാസം അനുഭവപ്പെടുക, മറ്റൊരാൾ പറയുന്നത് മനസ്സിലാക്കാൻ കഴിയാതെ വരിക എന്നിവയും സ്‌ട്രോക്കിന്റെ ലക്ഷണമാകാം)
  • നടക്കുമ്പോൾ ബാലൻസ് തെറ്റുക.
  • കാഴ്ചയോ കേൾവിയോ നഷ്ടമാകുക.
  • പെട്ടെന്ന് മറവി ഉണ്ടാകുക.

ഇത്തരം ലക്ഷണങ്ങൾ കണ്ടാൽ ഉടനെ രോഗിയെ സ്ട്രോക്ക് ചികിത്സ ലഭ്യമായ ആശുപത്രിയിൽ എത്തിക്കുക. ചികിത്സ താമസിക്കുന്നത് രോഗിയുടെ ജീവനുതന്നെ ഭീഷണിയായേക്കാം.

സ്‌ട്രോക്കിനെ തടയാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കാം  

  • അമിതമായ ഉപ്പിന്‍റെ ഉപയോഗം ഒഴിവാക്കുക.
  • അമിതമായി കൊഴുപ്പടങ്ങിയ ഭക്ഷണം ഒഴിവാക്കുക.
  • മദ്യം, പുകവലി എന്നിവ ഉപേക്ഷിക്കുക.
  • അന്നജം കുറവുള്ള ഭക്ഷണം കഴിക്കുക.
  • മുടങ്ങാതെ വ്യയാമം ചെയ്യുക

Back to top button
error: