കണ്ണൂര്‍: തളിപ്പറമ്പില്‍ അധ്യാപകന് വിദ്യാര്‍ഥികളെ പീഡിപ്പിച്ച സംഭവത്തില്‍ മുഴുവന്‍ വിദ്യാര്‍ഥികളും മൊഴി നല്കി. 26 വിദ്യാര്‍ഥികളെ അധ്യാപകന് പീഡിപ്പിച്ചുവെന്ന് പോലീസ് വ്യക്തമാക്കി. തളിപ്പറമ്പ് പോലീസിലാണ് വിദ്യാര്‍ഥികള്‍ മൊഴി നല്‍കിയത്. നാല് വര്‍ഷമായി തളിപ്പറമ്പ് യു.പി സ്കൂളില്‍ അധ്യാപകനായി ജോലി ചെയ്തിരുന്ന കൊണ്ടോട്ടി സ്വദേശി ഫൈസല്‍ മേച്ചേരിക്കെതിരെയാണ് പരാതി.
കോവിഡിന് ശേഷം സ്കൂള്‍ തുറന്നതിന് ശേഷമാണ് പീഡനം. സ്കൂളില്‍ നടത്തിയ കൗണ്‍സിലിങ്ങിനിടെ 20 വിദ്യാര്‍ഥികള്‍ ഫൈസല്‍ മോശമായി പെരുമാറിയെന്ന് വെളിപ്പെടുത്തുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ചൈല്‍ഡ് ലൈന്‍ നല്കിയ പരാതിയില്‍ അധ്യാപകനെ അറസ്റ്റ് ചെയ്തു. നേരത്തെ അഞ്ച് വിദ്യാര്‍ഥികള്‍ മാത്രമാണ് പരാതി നല്കാന് തയ്യാറായത്. അറസ്റ്റിലായ ഫൈസല്‍ റിമാന്‍ഡിലാണ്.ഇയാള്‍ മുന്‍പ് പഠിപ്പിച്ചിരുന്ന സ്കൂളിലും സമാന രീതിയിലുള്ള പരാതികള്‍ ഉയര്‍ന്നിന്നുന്നു.