തിരുവനന്തപുരം: പോലീസുകാരില്‍ ചിലര്‍ക്ക് ഗുണ്ടാസംഘങ്ങളുമായി വഴിവിട്ട അടുപ്പമെന്ന് രഹസ്യാന്വേഷണ റിപ്പോര്‍ട്ട്. ഡിവൈ.എസ്.പി ഉള്‍പ്പെടെയുള്ളവരുടെ പേരെടുത്ത് പറഞ്ഞാണ് രഹസ്യാന്വേഷണ വിഭാഗം റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുന്നത്. ഓം പ്രകാശ് ഉള്‍പ്പെടെയുള്ള ഗുണ്ടാ സംഘങ്ങള്‍ വീണ്ടും സജീവമായ പശ്ചാത്തലത്തിലാണ് മുന്നറിയിപ്പ്.
കഴിഞ്ഞ ഞായറാഴ്ചയാണ് പാറ്റൂരില്‍ ഓംപ്രകാശിന്റെ ഗുണ്ടാസംഘം മുട്ടട സ്വദേശി നിധിനെയും സംഘത്തെയും വെട്ടിയത്. ഈ ഏറ്റുമുട്ടലിന്റെ പിന്നാമ്പുറം അന്വേഷിച്ചപ്പോഴാണ് പൊലീസും ഗുണ്ടാസംഘങ്ങളും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടിന്റെ പുതിയ വിവരങ്ങള്‍ രഹസ്യാന്വേഷണ വിഭാഗത്തിന് ലഭിച്ചത്. തിരുവനന്തപുരത്തെ മൂന്നു പൊലീസുകാര്‍ക്ക് മുട്ടട നിധിന്റെ സംഘവുമായി അടുത്തബന്ധമെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്.
രണ്ടു ഡിവൈ.എസ്.പിമാരും സി.ഐയും അടങ്ങിയ സംഘം നിധിന്റെ ക്വട്ടേഷന്‍ ടീമിന് പലകാര്യങ്ങളിലും സഹായം നല്‍കാറുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. മദ്യപിക്കാനടക്കം പലയിടത്തും ഇവര്‍ ഒത്തുകൂടിയതായും രഹസ്യാന്വേഷണ വിഭാഗത്തിന് വിവരം ലഭിച്ചു. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഉദ്യോഗസ്ഥര്‍ക്കെതിരേ വകുപ്പ്തല അന്വേഷണം പ്രഖ്യാപിച്ചക്കും.
അതിനിടെ പാറ്റൂരിലെ ആക്രമണത്തില്‍ നേരിട്ട് പങ്കെടുത്തില്ലങ്കിലും നിര്‍ദേശം നല്‍കിയത് ഓംപ്രകാശാണന്ന് സ്ഥിരീകരിക്കുന്ന വിവരങ്ങള്‍ പോലീസിന് ലഭിച്ചു. സാമ്പത്തിക തര്‍ക്കവും ബെനാമി ഇടപാടുകളുമാണ് ആക്രമണത്തില്‍ കലാശിച്ചതെന്നും പേട്ട പോലീസിന്റെ അന്വേഷണത്തില്‍ വ്യക്തമായി. ഓം പ്രകാശ് ഒളിവിലാണ്.