ഭുബനേശ്വര്‍: ഒഡിഷയില്‍ കാണാതായ വനിതാ ക്രിക്കറ്റ് താരം രാജശ്രീ സ്വെയ്‌നെ കാട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി. കട്ടക്കിന് സമീപം ഗുരുദിജാട്ടിയ വനത്തില്‍ മരത്തില്‍ തൂങ്ങിനില്‍ക്കുന്ന നിലയിലായിരുന്നു മൃതദേഹമെന്ന് കട്ടക്ക് ഡെപ്യൂട്ടി കമ്മിഷണര്‍ പിനക് മിശ്ര പറഞ്ഞു. ജനുവരി 11 നാണ് രാജശ്രീയെ കാണാതായത്.
ബജ്രകബതിയില്‍ ഒഡിഷ ക്രിക്കറ്റ് അസോസിയേഷന്‍ സംഘടിപ്പിച്ച പരിശീലന ക്യാമ്പില്‍ പങ്കെടുക്കവേയാണ് രാജശ്രീയെ കാണാതായത്. പുതുച്ചേരിയില്‍ നടക്കാനിരിക്കുന്ന ദേശീയതല ക്രിക്കറ്റ് ടൂര്‍ണമെന്റിനുള്ള ടീമിനെ തെരഞ്ഞെടുക്കാനായിട്ടായിരുന്നു പരിശീലന ക്യാമ്പ്. രാജശ്രീയെ കാണാനില്ലെന്ന് പരിശീലകന്‍ വ്യാഴാഴ്ചയാണ് മംഗ്ലബാഗ് പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്.
രാജശ്രീയുടെ സ്‌കൂട്ടര്‍ വനത്തിന് സമീപം ഉപേക്ഷിക്കപ്പെട്ട നിലയിലായിരുന്നു. മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫായിരുന്നു. രാജശ്രീയുടേത് ആത്മഹത്യയല്ലെന്നും കൊലപാതകമാണെന്നും കുടുംബം ആരോപിച്ചു. ശരീരത്തില്‍ മുറിവേറ്റ പാടുകളുണ്ടെന്നും കണ്ണിന് പരുക്കേറ്റിരുന്നുവെന്നും കുടുംബം പറഞ്ഞു. അസ്വാഭാവിക മരണത്തിന് പോലീസ് കേസെടുത്തു. മരണ കാരണം സ്ഥിരീകരിച്ചിട്ടില്ല.