KeralaNEWS

ക്രിസ്മസ്–പുതുവത്സര കാലത്ത് കൃത്യതയോടെ സർവീസ് നടത്തി വരുമാനത്തിൽ റെക്കോർഡ് നേട്ടം കൈവരിച്ച് കെഎസ്ആർടിസി

തിരുവനന്തപുരം: ക്രിസ്മസ്–പുതുവത്സര കാലത്ത് കൃത്യതയോടെ സർവീസ് നടത്തി വരുമാനത്തിൽ റെക്കോർഡ് നേട്ടം കൈവരിച്ച് കെഎസ്ആർടിസി. അവധിക്കാലത്ത് തിരക്കിനനുസരിച്ച് ചെന്നൈ, ബെംഗളൂരു എന്നിവിടങ്ങളിലേക്ക് സർവീസുകൾ ക്രമീകരിച്ചാണ് കെഎസ്ആർടിസി റെക്കോർഡ് വരുമാനം നേടിയത്. ഡിസംബറിൽ മാത്രം 222.32 കോടി രൂപയാണ് കെഎസ്ആർടിസിയുടെ ആകെ വരുമാനം. ഡിസംബറിൽ ശരാശരി എട്ടു കോടി രൂപയായിരുന്നു കെഎസ്ആർടിസിയുടെ ദിവസ വരുമാനം. ജനുവരി മൂന്നിന് ലഭിച്ച 8.43 കോടി രൂപയുടെ വരുമാനം കെഎസ്ആർടിസിയുടെ ചരിത്രത്തിലെ സർവകാല റെക്കോർഡാണ്. സെപ്റ്റംബർ 12നു ലഭിച്ച 8.41 കോടി രൂപയായിരുന്നു ഇതിനു മുൻപത്തെ റെക്കോർഡ് വരുമാനം.

കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നും 72 സർവീസുകളാണ് ബെംഗളൂരുവിലേക്ക് പ്രധാന ദിവസങ്ങളിൽ ക്രമീകരിച്ചിരുന്നത്. കൂടാതെ ചെന്നൈയിലേക്ക് 8 സർവീസുകളും ക്രമീകരിച്ചിരുന്നു. ഈ സർവീസുകളുടെ അവസാന ദിവസങ്ങളിൽ മുഴുവൻ സീറ്റുകളും മുൻകൂട്ടി റിസർവ് ആയതോടെ നാല് അധിക സർവീസുകൾ കൂടി നടത്തി. ഇത് യാത്രക്കാർക്ക് വലിയ ആശ്വാസമായതിനൊപ്പം കെഎസ്ആർടിസിയുടെ വരുമാനവും കൂട്ടി. ക്രിസ്തുമസ് ന്യൂ ഇയർ അവധിക്കാലത്തെ ഡിസംബർ 22 മുതൽ ജനുവരി 2 വരെയുള്ള ദിവസങ്ങളിൽ മാത്രം പ്രത്യേകമായി നടത്തിയ 274 സ്പെഷൽ സർവീസുകൾ ഉൾപ്പെടെ 9362 ട്രിപ്പുകളിലായി 2,83,568 യാത്രക്കാർ മുൻകൂട്ടി റിസർവ്‌ ചെയ്തതു വഴി ഓൺലൈൻ റിസർവേഷൻ മുഖേന മാത്രം 12,25,71,848 രൂപ കെഎസ്ആർടിസിക്ക് നേടാനായതും സർവകാല റെക്കോർഡ് ആണ്.

മുൻകൂട്ടി യാത്രക്കാർക്ക് അവരുടെ സൗകര്യപ്രദമായ റൂട്ടിലും സമയത്തും മുൻകൂറായി തന്നെ സീറ്റുകൾ ഉറപ്പാക്കി യാത്രാസൗകര്യം നൽകാനായതാണ് വരുമാനത്തിലും ഓൺലൈൻ റിസർവേഷനിലും വൻ കുതിച്ചു ചാട്ടവും വരുമാനവും ഉണ്ടാക്കിയത്. ചെലവ് കുറച്ച് ശാസ്ത്രീയമായി ബസ്സുകൾ ഓപ്പറേറ്റ് ചെയ്തതിലൂടെയും അനാവശ്യ കോൺവോയ് ട്രിപ്പുകളും സർവിസും ഒഴിവാക്കായതിലൂടെ ഏതാണ്ട് 1000 ബസ്സുകളും 5 ലക്ഷം കിലോമീറ്ററും കുറച്ച് ഓടിച്ചതിൽ 1 കോടി രൂപയോളം ഓപ്പറേറ്റിങ് ചെലവ് ഒഴിവാക്കിയാണ് സർവകാല റെക്കോർഡ് കളക്ഷനും ജനോപകാരപ്രദമായ സ്പെഷൽ അഡീഷനൽ സർവീസുകളും നടത്തിയത്.

ക്രിസ്തുമസ് അവധി ദിവസങ്ങളിലും പൊതു അവധി ദിവസങ്ങളിലും ഓഫിസ് സ്കൂൾ ഓർഡിനറി ബസ്സുകൾ കുറയ്ക്കുകയും ദീർഘദൂര അന്തർ സംസ്ഥാന സർവിസുകൾക്കും പ്രാധാന്യം നൽകി ഓപ്പറേറ്റ് ചെയ്തതിൽ നിന്നുമാണ് ഈ നേട്ടം. ഡിസംബർ 17ന് 3974 ബസ്സുകൾ 13.37 ലക്ഷം കി.മീ. ഓപ്പറേറ്റ് ചെയ്തപ്പോൾ തുടർന്ന് അവധികൾ കഴിഞ്ഞ ജനുവരി മൂന്നിന് 14.62 ലക്ഷം കി.മീ 4370 ബസ്സുകളും ഓപ്പറേറ്റ് ചെയ്തതിൽ നിന്നുമാണ് യഥാക്രമം 7.24 കോടി രൂപയും 8.43 കോടി രൂപയും വരുമാനം ലഭിച്ചത്. നവംബർ 14 മുതൽ ഓപ്പറേറ്റ് ചെയ്തുവരുന്ന ശബരിമല സ്പെഷൽ സർവിസിന്റെ ഏറ്റവും തിരക്കേറിയ ഡിസംബർ മാസം അയ്യപ്പഭക്തർക്ക് ബുദ്ധിമുട്ടുമില്ലാതെ ശരാശരി ഒരു കോടി രൂപ വരുമാനവും ഇതിനൊപ്പം നിലനിർത്താൻ കഴിഞ്ഞതായി കെഎസ്ആർടിസി അറിയിച്ചു.

Back to top button
error: