ബെംഗളുരു: ബെംഗളുരു മെട്രോയുടെ തൂൺ സ്കൂട്ടറിനു മുകളിലേക്കു തകർന്നുവീണു; അമ്മയും പിഞ്ചുകുഞ്ഞും കൊല്ലപ്പെട്ടു. പിതാവിനും മകള്‍ക്കും പരിക്ക്. ബെംഗളുരു മെട്രോയുടെ നിർമ്മാണത്തിലിരുന്ന തൂണാണ് തകർന്ന് വീണത്. ഈ സമയത്ത് സമീപത്തെ റോഡിലൂടെ പോവുകയായിരുന്ന സ്കൂട്ടര്‍ യാത്രക്കാരായ നാലംഗ കുടുംബത്തിന്‍റെ മേലേക്കാണ് തൂണ്‍ തകര്‍ന്ന് വീണത്. ചൊവ്വാഴ്ച രാവിലെയാണ് സംഭവം. ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും അമ്മയേയും പിഞ്ചുകുഞ്ഞിനേയും രക്ഷിക്കാനായില്ല. ഔട്ടർ റിങ് റോഡിൽ എച്ച്ബിആര്‍ ലെയൗട്ടിലാണ് അപകടമുണ്ടായത്.
സോഫ്റ്റ്വെയര്‍ എന്‍ജിനിയറാണ് കൊല്ലപ്പെട്ട തേജസ്വിനി. ഭര്‍ത്താവ് ലോഹിത് കുമാര്‍ സിവില്‍ എൻജിനീയറാണ്. ലോഹിത് കുമാറും മകളും അപകട നില തരണം ചെയ്തതായാണ് വിവരം. ബെംഗളുരുവിലെ ഹൊരമാവ് സ്വദേശികളാണ് അപകടത്തില്‍പ്പെട്ട കുടുംബം.
കൊല്ലപ്പെട്ടവരുടെ മൃതദേഹംം അംബേദ്കര്‍ ആശുപത്രിയിലേക്ക് പോസ്റ്റ്മോര്‍ട്ടത്തിനായി കൊണ്ടുപോയി. ഭാഗ്യം കൊണ്ട് മാത്രമാണ് തൂണ് മറ്റുള്ള വാഹനങ്ങളുടെ മേലേക്ക് പതിക്കാതെ പോയതെന്നാണ് ദൃക്സാക്ഷികളുടെ പ്രതികരണം. അപകടത്തിന് പിന്നാലെ മേഖലയില്‍ വലിയ ഗതാഗത കുരുക്കാണ് അനുഭവപ്പെട്ടത്. ബെംഗളുരു മെട്രോയുടെ ഫേസ് 2 ബി പണികള്‍ പുരോഗമിക്കുന്നതിനിടയിലാണ് അപകടമുണ്ടായത്. ബെംഗളുരു വിമാനത്താവളം വരെയാണ് ഈ ഘട്ടത്തിലെ പണികള്‍ നടക്കുക. വലിയ ഭാരമുള്ള ഇരുമ്പ് കമ്പികള്‍ നിലംപൊത്തിയാണ് അപകടമുണ്ടായത്.