KeralaNEWS

ഏറ്റവും കൂടുതല്‍ ഭക്തജന പങ്കാളിത്തമുള്ള മകരവിളക്ക് ഉത്സവമാകും ഇത്തവണത്തേതെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്

ശബരിമല: ഇത് വരെയുള്ളതില്‍ വച്ച് ഏറ്റവും കൂടുതല്‍ ഭക്തജന പങ്കാളിത്തമുള്ള മകരവിളക്ക് ഉല്‍സവമാണ് ഇക്കുറി നടക്കുകയെന്ന് തിരുവിതാംകൂര്‍ ദേവസ്വം പ്രസിഡന്റ് അഡ്വ. കെ അനന്തഗോപന്‍ പറഞ്ഞു. മകരവിളക്ക് ദിവസം എല്ലാ കേന്ദ്രങ്ങളിലും ഭക്തജനപ്രവാഹമേറുമെന്നാണ് ദേവസ്വം ബോര്‍ഡിന്റെ കണക്ക് കൂട്ടല്‍. അതിനനുസരിച്ചുള്ള ക്രമീകരണങ്ങളായിക്കഴിഞ്ഞു. 11 നാണ് അമ്പലപ്പുഴ, ആലങ്ങാട്ട് സംഘങ്ങളുടെ പേട്ടതുള്ളല്‍. രാവിലെ 11ന് അമ്പലപ്പുഴക്കാരും ശേഷം ആലങ്ങാട്ട്കാരും പേട്ടതുള്ളും. മകരജ്യോതി വ്യൂ പോയിന്റുകളിലെ സുരക്ഷ ഗൗരവമായാണ് കാണുന്നതെന്നും ക്രമീകരണങ്ങള്‍ വിലയിരുത്തിയ ശേഷം അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

ഹില്‍ ടോപ്പിലെ ക്രമീകരണങ്ങള്‍ പൂര്‍ത്തിയായി. പാണ്ടിത്താവളത്ത് നിലമൊരുക്കല്‍ ഉള്‍പ്പെടെ പൂര്‍ത്തിയായി വരുന്നു. വിരിവയ്പിടങ്ങളില്‍ മേല്‍ക്കൂര സ്ഥാപിച്ചു. കുടിവെള്ള, വൈദ്യുതി വിതരണം നന്നായി നടക്കുന്നുണ്ട്. പ്രസാദ വിതരണത്തിലും അപാകതകളില്ല. പരാതികള്‍ക്കിട നല്‍കാതെ ഉത്സവം ഗംഭീരമാക്കാമെന്നാണ് ബോര്‍ഡിന്റെ പ്രതീക്ഷയെന്ന് പ്രസിഡന്റ് പറഞ്ഞു.

Signature-ad

അന്നദാനം ആശ്രയിക്കുന്ന ഒരാള്‍ക്ക് പോലും ഭക്ഷണം കിട്ടാത്ത സ്ഥിതിയുണ്ടാവില്ല. മകരവിളക്ക് ദിവസം തിരക്കിന് അനുസരിച്ചുള്ള ക്രമീകരണങ്ങള്‍ അന്നദാന കാര്യത്തില്‍ ഏര്‍പ്പെടുത്തും.bവെടിക്കെട്ട് നിരോധിക്കാന്‍ കോടതി പറഞ്ഞിട്ടില്ല. മാളികപ്പുറത്ത് വെടിക്കെട്ട് നടത്തുന്നില്ല. കൊപ്രാ കളത്തിനടുത്തെ വഴിപാട് ആരംഭിക്കണമോ എന്നത് ആലോചിച്ച് തീരുമാനിക്കും. വെടിമരുന്ന് സൂക്ഷ്മതയില്ലാതെ കൈകാര്യം ചെയ്തതാണ് അപകടത്തിന് കാരണമായത്. അല്ലാതെ സുരക്ഷാ ക്രമീകരണത്തിന്റെ പ്രശ്‌നമല്ലെന്നും അനന്തഗോപന്‍ പറഞ്ഞു.

നിത്യ കൂലിക്കാരായ ജീവനക്കാരുടെ വേതനത്തില്‍ കലോചിതമായ മാറ്റം കൊണ്ടുവരും. മലയാളികളുടെ അഭിമാന തീര്‍ത്ഥാടന കേന്ദ്രമാണ് ശബരിമല. അതിനെ തകര്‍ക്കുന്ന തരം വാര്‍ത്തകള്‍ ചമയ്ക്കുന്നത് ശരിയല്ല. അയ്യപ്പഭക്തരില്‍ നിരാശ നിറയ്ക്കുന്ന തരം നെഗറ്റീവ് വാര്‍ത്തകള്‍ ഗുണം ചെയ്യില്ലെന്നും അനന്തഗോപന്‍ പറഞ്ഞു. എക്‌സിക്യൂട്ടീവ് ഓഫീസര്‍ എച്ച്. കൃഷ്ണകുമാര്‍, അസി.എക്‌സി. ഓഫീസര്‍ എ. രവികുമാര്‍, പി.ആര്‍.ഓ സുനില്‍ അരുമാനൂര്‍ എന്നിവര്‍ പങ്കെടുത്തു.

Back to top button
error: