- പൊതുവിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി, ഡയറക്ടര്‍ എന്നിവര്‍ 30 ദിവസത്തിനകം റിപ്പോർട്ട് നൽകണം
തിരുവനന്തപുരം: ഇന്റര്‍നെറ്റ്, മൊബൈല്‍ ഫോണ്‍, സമൂഹമാധ്യമങ്ങള്‍ എന്നിവ സുരക്ഷിതവും വിജ്ഞാനപ്രദവുമായി ഉപയോഗിക്കാന്‍ കഴിയും വിധം എല്ലാ കുട്ടികള്‍ക്കും സാമൂഹ്യമാധ്യമ സാക്ഷരതാ പരിശീലനം നല്കുന്നതിനു പദ്ധതി നടപ്പിലാക്കാന്‍ ബാലാവകാശ കമ്മീഷന് നിര്‍ദ്ദേശം നല്കി. സ്കൂളുകളില്‍ കുട്ടികള്‍ക്ക് മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാന്‍ അനുമതിയില്ലെങ്കിലും ചില പ്രത്യേക ആവശ്യങ്ങള്‍ക്കായി രക്ഷിതാക്കളുടെ അറിവോടെ കൊണ്ടുവരുന്ന ഫോണുകള്‍ സ്കൂള്‍ സമയം കഴിയുന്നതുവരെ ഓഫാക്കി സൂക്ഷിക്കുന്നതിനുളള സൗകര്യം സ്കൂള്‍ അധികൃതര്‍ ഏര്‍പ്പെടുത്തണം. കുട്ടികളുടെ അന്തസ്സിനും ആത്മാഭിമാനത്തിനും ക്ഷതമുണ്ടാക്കും വിധത്തിലുളള പരിശോധനകള്‍ ഒഴിവാക്കാനും കമ്മീഷന് ചെയര്‍പേഴ്സണ്‍ കെ.വി. മനോജ്കുമാര്‍, അംഗങ്ങളായ റെനി ആന്റണി, ബബിത ബി എന്നിവരുടെ ഫുള്‍ ബഞ്ച് ഉത്തരവിട്ടു. പൊതുവിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി, ഡയറക്ടര്‍ എന്നിവര്‍ 30 ദിവസത്തിനകം ഇതു സംബന്ധിച്ച് സ്വീകരിച്ച നടപടി റിപ്പോര്‍ട്ട് നല്‍കാനും കമ്മീഷന് നിര്‍ദ്ദേശിച്ചു.
വടകര പുതുപ്പണം ജെ.എന്‍.എം.ജി. എച്ച്.എസ്. സ്കൂളിലെ എന്‍.എസ്.എസ്. വോളണ്ടിയറും പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയുമായ കുട്ടി, സ്കൂളില്‍ കൊണ്ടുവന്ന ഫോണ്‍ അമ്മ ആവശ്യപ്പെട്ടിട്ടും പ്രിന്‍സിപ്പല്‍ തിരിച്ച് നല്‍കാത്തതുമായി ബന്ധപ്പെട്ട് കമ്മീഷന് പരാതി ലഭിച്ചിരുന്നു. സ്കൂള്‍ പ്രിന്‍സിപ്പൽ പിടിച്ചെടുത്ത ഫോണ്‍ കുട്ടി ക്ലാസില്‍ കൊണ്ടുവരാനിടയായ പ്രത്യേക സാഹചര്യം പരിഗണിച്ച് പരാതിക്കാരന് തിരികെ നല്കാന് കമ്മീഷന് നിര്‍ദ്ദേശിച്ച പരാതി തീര്‍പ്പാക്കി.