ഫുജൈറ: ഭക്ഷണം പാചകം ചെയ്യുന്നതിന് നിയമപ്രകാരമുള്ള ശുചിത്വ മാനദണ്ഡങ്ങള്‍ പാലിക്കുന്നില്ലെന്ന് കണ്ടെത്തിയ 40 സ്ഥാപനങ്ങള്‍ കഴിഞ്ഞ വര്‍ഷം പൂട്ടിച്ചതായി ഫുജൈറ മുനിസിപ്പാലിറ്റി അറിയിച്ചു. ഭക്ഷ്യ സുരക്ഷ ഉറപ്പാക്കാന്‍ വേണ്ടി മുന്നോട്ടുവെച്ചിട്ടുള്ള മാനദണ്ഡങ്ങള്‍ പാലിക്കുന്നതില്‍ വീഴ്ച വരുത്തിയവരാണ് നടപടിക്ക് വിധേയരായതെന്ന് ഫുജൈറ മുനിസിപ്പാലിറ്റി ഹെല്‍ത്ത് കണ്ട്രോള് വകുപ്പ് മേധാവി ഫാത്തിമ മക്സ പറഞ്ഞു.
പരിശോധനകള്‍ക്കിടെ 685 സ്ഥാപനങ്ങള്‍ക്ക് പിഴ ചുമത്തി. ഉപകരണങ്ങളുടെ വൃത്തി, പരിസര ശുചിത്വം, പാചകത്തിന് ഉപയോഗിക്കുന്ന സാധനങ്ങളുടെ വൃത്തി എന്നിങ്ങനെ ഭക്ഷ്യ സുരക്ഷ സംബന്ധിച്ചുള്ള ചട്ടങ്ങളിലെ വീഴ്ചകള്‍ പരിശോധനകളില്‍ കണ്ടെത്തിയതായി അവര്‍ കൂട്ടിച്ചേര്‍ത്തു. ഇതിന് പുറമെ കാലാവധി കഴിഞ്ഞതും മനുഷ്യ ഉപയോഗത്തിന് യോഗ്യമല്ലാത്തതുമായ ഭക്ഷണ സാധനങ്ങള്‍ ചില സ്ഥാപനങ്ങളില്‍ നിന്ന് പിടിച്ചെടുത്തതായും അവര്‍ പറഞ്ഞു. സ്ഥാപനങ്ങള്‍ക്ക് നല്‍കിയിട്ടുള്ള ലൈസന്‍സുകള്‍ പ്രകാരം അനുമതിയില്ലാത്ത പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടതിനും പിഴ ചുമത്തിയിട്ടുണ്ട്.