- കെ-ഫോണ്‍ പദ്ധതിയുടെ 90 ശതമാനവും പൂര്‍ത്തിയായതായി മുഖ്യമന്ത്രി
തിരുവനന്തപുരം: രാജ്യത്ത് ഡിജിറ്റല്‍ ബാങ്കിംഗ് നടപ്പാക്കിയ ആദ്യത്തെ സംസ്ഥാനമായി കേരളത്തെ മുഖ്യമന്ത്രി പിണറായി വിജയന് ശനിയാഴ്ച പ്രഖ്യാപിച്ചു. സംസ്ഥാനത്തെ എല്ലാ ജില്ലകളിലും സേവിങ്ങ്സ്, കറന്റ് അക്കൗണ്ടുകളില്‍ ഒന്നെങ്കിലും ഡിജിറ്റൈസ് ചെയ്ത ആദ്യത്തെ സംസ്ഥാനമാണ് കേരളം. 2021 ല്‍ സംസ്ഥാനത്ത് ആദ്യത്തെ സമ്പൂര്‍ണ്ണ ഡിജിറ്റല്‍ ബാങ്കിംഗ് നടപ്പാക്കിയ ജില്ലയായി തൃശ്ശൂര്‍ മാറി. തുടര്‍ന്ന് കോട്ടയവും സമ്പൂര്‍ണ ഡിജിറ്റല്‍ ബാങ്കിംഗ് നടപ്പാക്കി. ഇതില്‍നിന്ന് പ്രചോദനമുള്‍ക്കൊണ്ടാണ് സമ്പൂര്‍ണ്ണ ബാങ്കിംഗ് ഡിജിറ്റല്‍വത്കരണ പ്രവൃത്തി റിസര്‍വ് ബാങ്ക്, സ്റ്റേറ്റ് ലെവല്‍ ബാങ്കേഴ്സ് കമ്മിറ്റി (എസ്.എല്‍.ബി.സി) എന്നിവയുടെ നേതൃത്വത്തില്‍ സംസ്ഥാനത്തൊട്ടാകെ വ്യാപിപ്പിച്ചതും ഇപ്പോള്‍ വിജയകരമായി നടപ്പാക്കിയതും.
സാധാരണ ജനങ്ങള്‍ക്ക് ഇന്റര്‍നെറ്റ് പ്രയോജനം ലഭ്യമാകണമെങ്കില്‍ ഡിജിറ്റല്‍ വേര്‍തിരിവ് ഇല്ലാതാക്കണം. ഈ ലക്ഷ്യം മുന്‍നിര്‍ത്തിയാണ് സംസ്ഥാന സര്‍ക്കാര്‍ കെ-ഫോണ്‍ പദ്ധതി ആവിഷ്കരിച്ചത്. കെ-ഫോണ്‍ പദ്ധതിയുടെ 90 ശതമാനവും പൂര്‍ത്തിയായതായി മുഖ്യമന്ത്രി അറിയിച്ചു. 17,155 കിലോമീറ്ററില്‍ ഒപ്റ്റിക് ഫൈബര്‍ കേബിള്‍ സ്ഥാപിച്ചുകഴിഞ്ഞു. സാധാരണക്കാര്‍ക്ക് ഇന്റര്‍നെറ്റ് കുറഞ്ഞ ചെലവിലോ സൗജന്യമായോ ലഭ്യമാക്കി അവരെ ബാങ്കിംഗ് ഉള്‍പ്പെടെയുള്ള ഡിജിറ്റല്‍ പ്രവര്‍ത്തനങ്ങളിലേക്ക് കൈപിടിച്ചുയര്‍ത്തുകയാണ് സര്‍ക്കാര്‍ ചെയ്യുന്നത്.
കെ-ഫോണ്‍ വഴിയുള്ള ഒപ്റ്റിക്കല്‍ ഫൈബര്‍ കേബിള്‍ നെറ്റ്വര്ക്കില് സര്‍ക്കാര്‍ ഓഫീസുകളും ബന്ധിപ്പിക്കും. കൂടാതെ 2,000 ത്തില്‍ അധികം പൊതുഇടങ്ങളില്‍ സൗജന്യ വൈഫൈ ഹോട്ട്സ്പോട്ട് ഒരുക്കുന്നുണ്ട്. ഡിജിറ്റല്‍ സേവനങ്ങള്‍ ഒരുക്കുന്നതിലും അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതിനും അവ ജനങ്ങള്‍ക്ക് ലഭ്യമാക്കുന്നതിലും സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ഇത്തവണ കേന്ദ്ര ഇലക്രേ്ടാണിക്സ് ആന്‍ഡ് ഐ.ടി വകുപ്പിന്റെ മൂന്ന് അവാര്‍ഡുകള്‍ സംസ്ഥാനം നേടിയത് ഡിജിറ്റല്‍വത്കരണ മേഖലയിലെ സ്തുത്യര്‍ഹമായ പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമാണ്. ബാങ്കിംഗ് മേഖല സാങ്കേതികവിദ്യക്ക് അനുസൃതമായി വികസിക്കുമ്പോള്‍ സൈബര്‍ കുറ്റകൃത്യങ്ങളിലെ വര്‍ധന ശ്രദ്ധിക്കേണ്ടതുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. പൊലീസ് ഇക്കാര്യത്തില്‍ നടപടി സ്വീകരിക്കുന്നുണ്ട്. പക്ഷേ കുറ്റകൃത്യങ്ങള്‍ ഉണ്ടാവാതെ നോക്കുന്നതില്‍ ബാങ്ക് അധികൃതര്‍ ശ്രദ്ധിക്കണം. ഉപഭോക്താക്കള്‍ക്കിടയില്‍ ബോധവത്ക്കരണം ആവശ്യമാണ്. ഇതിന് ബാങ്കിംഗ് മേഖലയുടെ സഹകരണം വളരെ അത്യാവശ്യമാണ്. ഇന്റര്‍നെറ്റ് സൗകര്യം ഒരുക്കുമ്പോള്‍ സുരക്ഷ ഒരുക്കേണ്ടത് അനിവാര്യമാണെന്ന് അദ്ദേഹം പറഞ്ഞു. സമ്പൂര്‍ണ ഡിജിറ്റല്‍ ബാങ്കിംഗ് നടപ്പാക്കിയത് സംസ്ഥാനത്തിന്റെ സാമ്പത്തിക മേഖലയ്ക്ക് പുതിയ ഉത്തേജനം നല്‍കുമെന്ന് മുഖ്യമന്ത്രി പ്രതീക്ഷ പ്രകടിപ്പിച്ചു. ബാങ്കിംഗ് ഇനി വിരല്‍ത്തുമ്പില്‍ എന്ന ലീഫ് ലെറ്റ് ചടങ്ങില്‍ അദ്ദേഹം പ്രകാശനം ചെയ്തു.
കനറാ ബാങ്ക് സംസ്ഥാന മേധാവിയും എസ്.എല്‍.ബി.സി കണ്‍വീനറുമായ എസ്. പ്രേംകുമാര്‍, റിസര്‍വ് ബാങ്ക് ജനറല്‍ മാനേജര്‍ സെട്രിക് ലോറന്‍സ് എന്നിവരെ ആദരിച്ചു. പദ്ധതി നടപ്പാക്കാന്‍ നേതൃത്വം നല്കിയ 14 ജില്ലകളിലെയും ലീഡ് ബാങ്ക് മാനേജര്‍മാരും ആദരം ഏറ്റുവാങ്ങി. ചടങ്ങില്‍ ധനകാര്യ വകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറി ബിശ്വനാഥ് സിന്‍ഹ, റിസര്‍വ് ബാങ്ക് റീജ്യനല്‍ ഡയറക്ടര്‍ തോമസ് മാത്യു, നബാഡ് ചീഫ് ജനറല്‍ മാനേജര്‍ ഗോപകുമാരന്‍ നായര്‍ ജി, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ചീഫ് ജനറല്‍ മാനേജര്‍ വെങ്കിട്ടരമണ ഭായ് തുടങ്ങിയവര്‍ പങ്കെടുത്തു.