മെക്‌സിക്കോ സിറ്റി: യു.എസില്‍ ജയിലില്‍ കഴിയുന്ന അധോലോക കുറ്റവാളി എല്‍ ചാപോയുടെ മകനും ലഹരി കള്ളക്കടത്തുകാരനുമായ ഒവിഡിയോ ഗുസ്മാന്‍ മെക്‌സിക്കോയില്‍ അറസ്റ്റിലായി. യു.എസ് പ്രസിഡന്റ് ജോ ബൈഡന്റെ മെക്‌സിക്കോ സന്ദര്‍ശനത്തിനു തൊട്ടുമുന്‍പാണ് ‘മൗസ്’ എന്നു വിളിപ്പേരുള്ള ഒവിഡിയോ അറസ്റ്റിലായത്.
യു.എസിലേക്ക് ലഹരി കള്ളക്കടത്തു നടത്തിയ കേസുകളില്‍ ഇയാളെ യുഎസ് അന്വേഷിച്ചുവരികയാണ്. ഒവിഡിയോയെ യു.എസിനു കൈമാറുമെന്ന് കരുതുന്നു. അറസ്റ്റിനെത്തുടര്‍ന്ന് കുലിയാകാന്‍ പട്ടണത്തില്‍ ലഹരി സംഘങ്ങള്‍ തുടങ്ങിവച്ച അക്രമസംഭവങ്ങളില്‍ 19 സംഘാംഗങ്ങളും കേണല്‍ ഉള്‍പ്പെടെ 10 സുരക്ഷാ ഉദ്യോഗസ്ഥരും കൊല്ലപ്പെട്ടു. 250 ലേറെ വാഹനങ്ങള്‍ അഗ്‌നിക്കിരയാക്കി.
ലേകാത്തിലെ ഏറ്റവും അപകടകാരിയായ കുറ്റവാളികളിലൊരാളാണ് മെക്‌സിക്കന്‍ മയക്കുമരുന്നു രാജാവായ എല്‍ ചാപോ ഗുസ്മന്‍. 1993 ലാണ് ഇയാള്‍ ആദ്യമായി പിടിയിലാകുന്നത്. അന്ന് ഗ്വാട്ടിമാലയില്‍ പിടിയിലായ ഗുസ്മനെ പിന്നീട് മെക്സിക്കോയ്ക്ക് കൈമാറുകയും 20 വര്‍ഷത്തെ തടവിന് ശിക്ഷിക്കുകയും ചെയ്തു. 2001-ല്‍ ഇയാള്‍ ജയില്‍ ഉദ്യോഗസ്ഥരെ സ്വാധീനിച്ച് ജയില്‍ചാടി. പിന്നീട് 2014-ലാണ് ഗുസ്മന്‍ വീണ്ടും പിടിയിലായത്.
പക്ഷേ, ഒരുവര്‍ഷത്തിന് ശേഷം ആരെയും അമ്പരപ്പിക്കുന്ന രീതിയില്‍ ഗുസ്മന്‍ ജയില്‍ചാടി. സെല്ലിന് താഴെനിന്ന് ജയില്‍വളപ്പിന് പുറത്തേക്ക് തുരങ്കം നിര്‍മിച്ചായിരുന്നു രക്ഷപ്പെടല്‍. ഈ സംഭവത്തിലാണ് ഭാര്യ ഉള്‍പ്പെടെയുള്ള സംഘം ഗുസ്മനെ സഹായിച്ചെന്ന് കണ്ടെത്തിയത്. ജയിലിനടുത്ത് സ്ഥലം വാങ്ങിയ എമയും സംഘവും ദിവസങ്ങള്‍ നീണ്ട ഓപ്പറേഷനൊടുവിലാണ് ഗുസ്മനെ ജയിലില്‍നിന്ന് പുറത്തെത്തിച്ചതെന്നാണ് അധികൃതരുടെ വാദം.
എന്നാല്‍ 2016-ല്‍ വെടിവെപ്പിലൂടെ ഗുസ്മനെ മെക്സിക്കന്‍ പോലീസ് കീഴ്പ്പെടുത്തി. ഒരുവര്‍ഷത്തിന് ശേഷം യു.എസിന് കൈമാറി. 2019-ല്‍ ഗുസ്മന്‍ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി. നിലവില്‍ ഫ്ളോറന്‍സിലെ ജയിലില്‍ ജീവപര്യന്തം തടവ് ശിക്ഷ അനുഭവിക്കുകയാണ് ഇയാള്‍.