LocalNEWS

തിരുവനന്തപുരത്ത് ഒരു കുടുംബത്തിലെ മൂന്ന് പേർ പൊള്ളലേറ്റു മരിച്ചു, കടബാധ്യതമൂലമുള്ള ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം

   തിരുവനന്തപുരം: ഒരു കുടുംബത്തിലെ മൂന്ന് പേർ പൊള്ളലേറ്റ് മരിച്ച നിലയിൽ. തിരുവനന്തപുരം കഠിനംകുളത്ത് ആണ് സംഭവം. കഠിനംകുളം പടിഞ്ഞാറ്റുമുക്കിന് സമീപം കൊമ്പരമുക്കിൽ ‘കാർത്തിക’യിൽ  രമേശൻ (48), ഭാര്യ സുലജകുമാരി (46), മകൾ രേഷ്മ (23) എന്നിവരെയാണ് കിടപ്പ് മുറിയിൽ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടത്.

രമേശൻ ഇന്നലെ ഉച്ചക്കാണ് ഗൾഫിൽ നിന്നും എത്തിയത്. ഇന്നലെ രാത്രിയാണ് വീടിനുള്ളിൽ നിന്ന് പുക ഉയരുന്നത് കണ്ടത്. തൊട്ടടുത്ത മുറിയിൽ വൃദ്ധരായ മാതാപിതാക്കളുണ്ടായിരുന്നു. രമേശൻ്റെ   മകൻ രാത്രി സുഹൃത്തിൻ്റെ വീട്ടിലായിരുന്നു.

Signature-ad

     രാത്രി പന്ത്രണ്ട് മണിയോടെ ജനല്‍ ചില്ലുകളും മറ്റും പൊട്ടിത്തെറിക്കുന്ന ശബ്ദം കേട്ട അയല്‍വാസികള്‍ നോക്കിയപ്പോഴാണ് കിടപ്പ് മുറിക്കുള്ളില്‍ നിന്നും തീ ആളിക്കത്തുന്നത് കണ്ടത്. വീട് അകത്ത് നിന്നും പൂട്ടിയിരുന്നു. മുന്‍വാതില്‍ തകര്‍ത്ത് സമീപവാസികള്‍ അകത്തെത്തിയെങ്കിലും കിടപ്പുമുറിയുടെ വാതില്‍ തുറക്കാതിരിക്കാന്‍ അലമാരയും മറ്റും ചേര്‍ത്തു വച്ചിരിക്കുകയായിരുന്നു. പുറത്തെ ജനലിലൂടെ അകത്തേക്ക് വെള്ളമൊഴിച്ചെങ്കിലും രക്ഷിക്കാനായില്ല. രമേശന്റെ മൃതദേഹം തറയിലും ഭാര്യയുടെയും മകളുടെയും മൃതദേഹങ്ങള്‍ കട്ടിലിലാണ് കിടന്നിരുന്നത്.

ഇവര്‍ക്ക് കട ബാധ്യതയുണ്ടായിരുന്നതായി പൊലീസ് പറയുന്നു. സാമ്പത്തിക ബാധ്യത തീര്‍ക്കാന്‍ വീടും വസ്തുവും വില്‍ക്കാന്‍ ശ്രമിച്ചെങ്കിലും കേസില്‍പ്പെട്ടതിനാല്‍ വില്‍ക്കാന്‍ കഴിഞ്ഞിരുന്നില്ല. ലോണ്‍ എടുക്കാനായാണ് രമേശന്‍ വിദേശത്ത് നിന്നെത്തിയത്.

 കടബാധ്യതമൂലമാണ് ആത്മഹത്യ ചെയ്തത് എന്നാണ് പ്രാഥമിക നിഗമനം. കഠിനംകുളം പോലീസ് മേൽനടപടി സ്വീകരിച്ചു.

Back to top button
error: