IndiaNEWS

മദ്യപിച്ച് മദോന്മത്തനായി എയര്‍ ഇന്ത്യ യാത്രക്കാരിക്കുനേരേ മൂത്രമൊഴിച്ച് സഹയാത്രികന്‍

ന്യൂഡല്‍ഹി: മദ്യലഹരിയില്‍ വിമാനത്തിലെ വനിത യാത്രക്കാരിക്കു നേരെ മൂത്രമൊഴിച്ച് സഹയാത്രികന്‍. ന്യൂയോര്‍ക്കില്‍നിന്ന് ഡല്‍ഹിയിലേക്കുള്ള എയര്‍ ഇന്ത്യയുടെ എ.ഐ-102 വിമാനത്തിലെ ബിസിനസ് ക്ലാസിലാണ് സംഭവം. യാത്രക്കാരി സംഭവം ജീവനക്കാരുടെ ശ്രദ്ധയില്‍ പെടുത്തിയിട്ടും ഒരു നടപടിയും ഉണ്ടായില്ല. വിമാനം ഡല്‍ഹിയില്‍ ഇറങ്ങിയപ്പോള്‍ അക്രമം നടത്തിയയാള്‍ യാതൊരു നടപടിയും നേരിടാതെ വിമാനത്താവളത്തില്‍നിന്നു പുറത്തുപോയി.

70 വയസുകാരിയായ യാത്രക്കാരിക്കാണ് ദുരനുഭവമുണ്ടായത്. യാത്രക്കാരി ടാറ്റ ഗ്രൂപ്പ് ചെയര്‍മാന്‍ എന്‍ ചന്ദ്രശേഖരന് പരാതി നല്‍കിയ ശേഷമാണ് വിഷയത്തില്‍ എയര്‍ ഇന്ത്യ നടപടി ആരംഭിച്ചത്. നവംബര്‍ 26 നായിരുന്നു പരാതിക്ക് ആസ്പദമായ സംഭവം നടന്നത്. അപമര്യാദയായി പെരുമാറിയ യാത്രക്കാരന് യാത്രാ നിരോധനം ഏര്‍പ്പെടുത്തണമെന്ന് സര്‍ക്കാരിനോട് എയര്‍ ഇന്ത്യ ആവശ്യപ്പെട്ടു.

Signature-ad

വിമാന ജീവനക്കാര്‍ യാതൊരു തരത്തിലും സഹകരിച്ചില്ലെന്ന് പരാതിക്കാരി എന്‍. ചന്ദ്രശേഖരനുള്ള കത്തില്‍ പറയുന്നു. ”ഉച്ചയ്ക്ക് ആഹാരം നല്‍കിയ ശേഷം വിളക്കുകള്‍ അണച്ച ശേഷമായിരുന്നു സംഭവം. പൂര്‍ണമായും മദ്യലഹരിയിലായിരുന്ന ഒരു യാത്രക്കാരന്‍ എന്റെ സീറ്റിനടുത്തേക്ക് വരികയായിരുന്നു. തുടര്‍ന്ന് പാന്റിന്റെ സിപ്പ് അഴിച്ച ശേഷം സ്വകാര്യ ഭാഗങ്ങള്‍ എന്റെ നേരെ പ്രദര്‍ശിപ്പിച്ചു. തുടര്‍ന്ന് മൂത്രമൊഴിച്ച ശേഷം അവിടെ തന്നെ നില്‍ക്കുകയായിരുന്നു. മറ്റൊരു യാത്രക്കാരനെത്തി മാറാന്‍ പറഞ്ഞപ്പോള്‍ മാത്രമാണ് അയാള്‍ അവിടെനിന്നു പോയത്. എന്റെ വസ്ത്രവും ഷൂവും ബാഗും മുഴുവനും മൂത്രം വീണ് നനഞ്ഞു. തുടര്‍ന്ന് വിമാനജീവനക്കാരെത്തി അണുനാശിനിയും മറ്റും തളിക്കുകയായിരുന്നു.”- പരാതിക്കാരിയുടെ കത്തില്‍ പറയുന്നു.

ക്യാബിന്‍ ക്രൂവാണ് പിന്നീട് യാത്രക്കാരിക്ക് പൈജാമയും ചെരിപ്പും നല്‍കിയത്. നനഞ്ഞ സീറ്റില്‍ ഇരിക്കാന്‍ കഴിയാത്തതിനാല്‍ ജീവനക്കാരുടെ സീറ്റ് നല്‍കുകയായിരുന്നു. വിമാനത്തിന്റെ ഫസ്റ്റ് ക്ലാസില്‍ സീറ്റുകള്‍ ഒഴിവുണ്ടായിട്ടും നനഞ്ഞ സീറ്റില്‍ ഇരിക്കാന്‍ ജീവനക്കാര്‍ നിര്‍ബന്ധിച്ചുവെന്നും പരാതിയില്‍ പറയുന്നു. രണ്ട് മണിക്കൂറിനു ശേഷമാണ് മറ്റൊരു സീറ്റ് നല്‍കിയത്.

 

Back to top button
error: