കൊയിലാണ്ടി സ്വദേശിനി ജസ്ന സലിം ഇത്തവണയും ഗുരുവായൂരിലെത്തിയത് ഉണ്ണിക്കണ്ണന് പുതുവർഷ സമ്മാനവുമായാണ്. ഒന്നരയടി മുതല്‍ അഞ്ചടിവരെ വലുപ്പങ്ങളിലുള്ള 101 ചിത്രങ്ങളാണ് ഗുരുവായൂരപ്പന് ജെസ്ന സമര്‍പ്പിച്ചത്. കഴിഞ്ഞ എട്ട് വര്‍ഷമായി അഷ്ടിമിരോഹിണിക്കും വിഷുവിനും ജസ്ന കണ്ണന്റെ ചിത്രങ്ങൾ വരച്ച് സമര്‍പ്പിക്കാറുണ്ട്. ചിത്രരചനയിൽ ഏറെ മിടുക്കിയാണെങ്കിലും ഉണ്ണിക്കണ്ണന്റെ ചിത്രങ്ങള്‍ മാത്രമേ ജസ്ന വരക്കാറുള്ളൂ.
ദേവസ്വം ഓഫീസിലെത്തിച്ച ചിത്രങ്ങള്‍ പിന്നീട് ദേവസ്വം വാഹനത്തിലാണ് ക്ഷേത്രത്തിലേക്ക് കൊണ്ടുപോയത്. തുടര്‍ന്ന്, രാവിലെ ഒമ്പതോടെ കിഴക്കേനടയില്‍ ചിത്രങ്ങള്‍ സമര്‍പ്പിച്ചു. കിഴക്കേനടയില്‍ ക്ഷേത്രത്തിന് പുറത്ത് പ്രദര്‍ശിപ്പിച്ചിരിക്കുന്ന ചിത്രങ്ങള്‍ ദേവസ്വം ലേലം ചെയ്യും.
‘അക്രിലിക് ഷീറ്റില്‍ ഫാബ്രിക് പെയിന്റ് ഉപയോഗിച്ച് നാല് മാസമെടുത്താണ് വര പൂര്‍ത്തീകരിച്ചത്. ഗുരുവായൂരിന്റെ ചരിത്രത്തില്‍ തന്നെ ആദ്യമായാണ് ഇത്രയുമധികം ചിത്രങ്ങള്‍ വരച്ച് സമര്‍പ്പിക്കുന്നത്. ഈ നിമിഷം ജീവിതത്തിലെ വലിയൊരു സ്പനമാണ് സാധ്യമായിരിക്കുന്നത്’
ജസ്ന പറഞ്ഞു.