LocalNEWS

കാരുണ്യ സ്പർശമായി മുട്ടാർ സെന്റ് തോമസ് കുമരംചിറ പള്ളിയിൽ വിശുദ്ധ അന്തോനീസിന്റെ തിരുനാൾ

കോട്ടയം: വിശുദ്ധ അന്തോനീസിന്റെ തിരുശേഷിപ്പ് തീർത്ഥാടന കേന്ദ്രമായ മുട്ടാർ സെന്റ് തോമസ് കുമരംചിറ പള്ളിയിൽ വിശുദ്ധ അന്തോനീസിന്റെ തിരുനാൾ 1 മുതൽ 17 വരെ ആചരിക്കും. വിശുദ്ധ അന്തോനീസിനോടുള്ള പ്രത്യേക മദ്ധ്യസ്ഥ പ്രാർത്ഥന 6 മുതൽ 14 വരെ നടക്കും. 15, 16, 17 തീയതികളിലാണ് പ്രധാന തിരുനാൾ ദിനങ്ങൾ. ‘കുട്ടനാടിന്റെ പാദുവ’ എന്നറിയപ്പെടുന്ന ഈ തീർത്ഥാടനകേന്ദ്രത്തിൽ പ്രധാന പ്രാർത്ഥനാശുശ്രൂഷകൾ നടക്കുന്ന ചൊവ്വാഴ്ചകളിൽ, പ്രത്യേകമായി മലയാളമാസ ആദ്യചൊവ്വാഴ്ചകളിൽ കേരളത്തിലെ വിവിധ ജില്ലകളിൽനിന്ന് നിരവധി തീർത്ഥാടകർ എത്തുന്നു. 1898 ൽ സ്ഥാപിതമായ ഈ ദേവാലയം ഒരു വർഷം നീണ്ടുനിൽക്കുന്ന ശതോത്തര രജതജൂബിലി ആഘോഷങ്ങളിലേക്ക് പ്രവേശിക്കുകയുമാണ്.

ഈ വർഷത്തെ തിരുനാൾ ആഘോഷങ്ങളുടെ ഭാഗമായുള്ള തിരുക്കർമ്മങ്ങൾക്ക് അഭിവന്ദ്യ പിതാക്കൻമാരും വൈദികശ്രേഷ്ഠരും നേതൃത്വം നൽകും. ശതോത്തര രജതജൂബിലി വർഷാചരണം ചങ്ങനാശേരി അതിരൂപതാദ്ധ്യക്ഷൻ അഭിവന്ദ്യ മാർ ജോസഫ് പെരുന്തോട്ടം ഉദ്ഘാടനം ചെയ്യും. ശതോത്തര രജതജൂബിലി ദീപശിഖാപ്രയാണം അഭിവന്ദ്യ മാർ ജോസഫ് പൗവ്വത്തിൽ ഉദ്ഘാടനം ചെയ്യും. വിശുദ്ധ തോമാശ്ലീഹായുടെ രക്തസാക്ഷിത്വത്തിന്റെ ജൂബിലി വർഷാചരണത്തിന്റെ ഭാഗമായി നടക്കുന്ന എക്യുമെനിക്കൽ സംഗമത്തിന്റെ ഉദ്ഘാടനവും ഇടവകയുടെ ശതോത്തര രജതജൂബിലി ലോഗോയുടെ പ്രകാശനവും മാവേലിക്കര രൂപതാദ്ധ്യക്ഷൻ അഭിവന്ദ്യ ജോഷ്വാ മാർ ഇഗ്നാത്തിയോസ് മെത്രാപ്പോലീത്ത നിർവ്വഹിക്കും.

Signature-ad

ദേവാലയത്തിൽനിന്നും മലയാളമാസ ആദ്യചൊവ്വാഴ്ചകളിൽ പ്രസിദ്ധീകരിക്കുന്ന ‘പാദുവാദൂത് ‘എന്ന പത്രത്തിന്റെ പ്രത്യേക പതിപ്പിന്റെ പ്രകാശനം അഭിവന്ദ്യ മാർ ജോർജ്ജ് കോച്ചേരി നിർവ്വഹിക്കും. ചങ്ങനാശേരി കുന്നന്താനം ദൈവപരിപാലനഭവനിലെ കുഞ്ഞുങ്ങളുടെ ആത്മീയ കലാവിരുന്ന് ‘കാരുണ്യനിലാവ് ‘ 14ന് വൈകുന്നേരം നടക്കും. ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളജിൽ ക്യാൻസർ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും പ്രഭാതഭക്ഷണം നൽകുന്ന ‘അലിവ് ‘ ശുശ്രൂഷ ഈ ഇടവകയുടെ നേതൃത്വത്തിൽ നടന്നുവരുന്നു. ഇടവകയുടെ ശതോത്തര രജതജൂബിലിയുടെ സ്മാരകമായി ആരംഭിക്കുന്ന ഡയാലിസിസ് സഹായ പദ്ധതിയായ ‘അസ് യൂസാ’ യുടെ ഉദ്ഘാടനം ചങ്ങനാശേരി അതിരൂപതാ സഹായമെത്രാൻ അഭിവന്ദ്യ മാർ തോമസ് തറയിൽ നിർവ്വഹിക്കും.

15 ന് നടക്കുന്ന തിരുനാൾ കൊടിയേറ്റിനും പ്രസുദേന്തി വാഴ്ചയ്ക്കും തക്കല രൂപതാദ്ധ്യക്ഷൻ അഭിവന്ദ്യ മാർ ജോർജ്ജ് രാജേന്ദ്രൻ നേതൃത്വം നൽകും. ഇടവക ദിനാഘോഷത്തിന്റെ ഭാഗമായി നസ്രാണി സംഗമവും മെഗാ മാർഗ്ഗംകളിയും നടക്കും. ശതോത്തര രജതജൂബിലി സ്മാരക സ്റ്റാമ്പിന്റെ പ്രകാശനം ബഹു. ജലസേചനവകുപ്പ് മന്ത്രി ശ്രീ റോഷി അഗസ്റ്റിൻ നിർവ്വഹിക്കും. ഇടവക ദിനസമ്മേളനത്തിൽ ചങ്ങനാശേരി അതിരൂപതാ വികാരി ജനറാൾ വെരി. റവ. ഫാ. ജോസഫ് വാണിയപ്പുരയ്ക്കൽ അദ്ധ്യക്ഷത വഹിക്കും. പ്രധാന തിരുനാൾദിനമായ 17 ന് ആഘോഷമായ തിരുനാൾ കുർബ്ബാനയ്ക്ക് ചങ്ങനാശേരി രൂപതയിലെ നവവൈദികർ നേതൃത്വം നൽകും. പത്തനംതിട്ട രൂപതാദ്ധ്യക്ഷൻ അഭിവന്ദ്യ സാമുവേൽ മാർ ഐറേനിയോസ് മെത്രാപ്പോലീത്ത തിരുനാൾ സന്ദേശം നൽകും. തിരുനാളാചരണത്തിന്റെ സമാപനമായുള്ള പരിശുദ്ധ കുർബ്ബാനയ്ക്കും മദ്ധ്യസ്ഥ പ്രാർത്ഥനയ്ക്കും കോതമംഗലം രൂപതാദ്ധ്യക്ഷൻ അഭിവന്ദ്യ മാർ ജോർജ്ജ് മഠത്തിക്കണ്ടത്തിൽ നേതൃത്വം നൽകും. 16 ന് വൈകുന്നേരം മുട്ടാർ പഞ്ചായത്ത് ജംഗ്ഷനിലേക്കും, 17 ന് വൈകുന്നേരം ദേവാലയത്തിനുചുറ്റും പ്രദക്ഷിണം ഉണ്ടായിരിക്കും. 17 ന് വൈകുന്നേരം കെ.സി.ബി.സി അവാർഡിനർഹമായ കാഞ്ഞിരപ്പള്ളി അമല കമ്യൂണിക്കേഷൻസിന്റെ നാടകം ‘കടലാസിലെ ആന’ പള്ളിയങ്കണത്തിൽവച്ച് നടത്തപ്പെടും.

അശരണരോട് എന്നും കരുണകാണിച്ചിരുന്ന വിശുദ്ധനാണ് വിശുദ്ധ അന്തോനീസ്. ഇതിന്റെ ഓർമ്മയ്ക്കായി പ്രധാന തിരുനാൾദിനമായ 17 ന് തീർത്ഥാടകർക്കായി ഊട്ടുനേർച്ച ക്രമീകരിക്കുന്നതാണ്. പ്രകൃതിയുടെ മദ്ധ്യസ്ഥനായ വിശുദ്ധ ഫ്രാൻസിസ് അസീസിയുടെ അനുയായിയായ വിശുദ്ധ അന്തോനീസ് തന്റെ സുവിശേഷ പ്രഘോഷണത്തിനായി പ്രകൃതിയേയും ജീവജാലങ്ങളേയും ഉപകരണങ്ങളാക്കിയിരുന്നു. വിശുദ്ധന്റെ പ്രകൃതിയോടുള്ള സ്നേഹത്തിന്റെയും കരുതലിന്റെയും ഭാഗമാകുവാനായി തിരുനാളിനെത്തുന്ന എല്ലാവർക്കും പച്ചക്കറി വിത്തുകൾ നൽകുന്നതാണ്. കോവിഡ്, ഹരിത പ്രോട്ടോകോളുകൾ കർശനമായി പാലിച്ചായിരിക്കും തിരുനാൾ ആഘോഷങ്ങൾ നടത്തപ്പെടുകയെന്ന് വികാരി ഫാ. ഡോ. സോണി മുണ്ടുനടയ്ക്കൽ, ദേവസ്യാ തോമസ്, മാർട്ടിൻ തോമസ്, തോമസ് ജെറോം, ബിനു ടോം ജോസഫ്, ജോസഫ് സ്ക്കറിയാ എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു.

Back to top button
error: