മൂവാറ്റുപുഴ: പുതുവത്സര ആഘോഷങ്ങള്‍ക്കിടെ വടിവാളുമായി റിട്ട. എസ്.ഐയുടെ അഴിഞ്ഞാട്ടം. വീടും വാഹനങ്ങളും തകര്‍ത്തു. മാറാടി പഞ്ചായത്തിലെ കായനാട്ട് ശനിയാഴ്ച രാത്രി 11 ഓടെയാണ് സംഭവം. റിട്ട. എസ്.ഐ കളത്തൂര്‍കുടിയില്‍ ബിന്‍സനാണ് വടിവാളുമായി ആക്രമണം അഴിച്ചുവിട്ടത്.
കായനാട് മറ്റപ്പാടം മഹിഷാസുര മര്‍ദിനി ക്ഷേത്രത്തിന് സമീപം കാവുംമുഖത്ത് സലുവിന്റെ വീടിനുനേരെയാണ് ആക്രമണമുണ്ടായത്. വീടിന് മുന്‍വശം പാര്‍ക്കു ചെയ്തിരുന്ന ടിപ്പര്‍ ലോറികളും കാറുകളും ഉള്‍പ്പെടെ ആറോളം വാഹനങ്ങള്‍ ആക്രമിച്ചു. വടിവാള്‍ ഉപയോഗിച്ച് വെട്ടിയും കുത്തിയുമാണ് വാഹനങ്ങള്‍ നശിപ്പിച്ചത്.
വീടിനു നേരെ കല്ലെറിഞ്ഞ് നാശനഷ്ടം വരുത്തി. സംഭവം കണ്ട് ചോദിക്കാന്‍ ചെന്ന വീട്ടമ്മയെ അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. അയല്‍വാസികള്‍ അറിയിച്ചതനുസരിച്ച് രാമമംഗലം സി.ഐ സ്ഥലത്തെത്തി. ബിന്‍സനെതിരേ പോലീസ് കേസെടുത്തു. നിസ്സാര വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തതെന്നും ഇത് പ്രതിയുടെ ഉന്നത രാഷ്ട്രീയബന്ധം മൂലമാണെന്നും നാട്ടുകാര്‍ ആരോപിച്ചു.