പശ്ചിമേഷ്യൻ യുദ്ധം അമേരിക്കയ്ക്ക് വരുത്തി വച്ചത് നികത്താനാവാത്ത നാശനഷ്ടങ്ങൾ; പുറത്തുവിട്ട കണക്കുകൾ യാഥാർത്ഥ്യമല്ല; യഥാർത്ഥ വസ്തുത തെളിഞ്ഞത് ഉപഗ്രഹ ചിത്ര വിശകലങ്ങളിലൂടെ

വാഷിങ്ടൺ: യുദ്ധം തുടങ്ങിയതിനുശേഷം പുറത്തുവന്നിട്ടുള്ള ഉപഗ്രഹചിത്രങ്ങൾ വിശകലനം ചെയ്തതിൽനിന്ന് പശ്ചിമേഷ്യയിലുള്ള യു.എസിന്റെ 228 സൈനികസൗകര്യങ്ങളോ യുദ്ധോപകരണങ്ങളോ ഇറാൻ ആക്രമണങ്ങളിൽ തകർന്നെന്ന് വാഷിങ്ടൺ പോസ്റ്റ് റിപ്പോർട്ടുചെയ്തു. ഹാങ്ങറുകൾ, ബാരക്കുകൾ, ഇന്ധന ഡിപ്പോസ്, യുദ്ധവിമാനങ്ങൾ, റഡാർ സംവിധാനങ്ങൾ, ആശയവിനിമയ സംവിധാനങ്ങൾ, വ്യോമപ്രതിരോധ സംവിധാനങ്ങൾ എന്നിവ അടക്കമുള്ളവയാണ് തകർന്നത്. ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുള്ളതിലും വലുതാണ് യുദ്ധത്തിൽ യു.എസിനുണ്ടായ നാശനഷ്ടമെന്നും പോസ്റ്റ് റിപ്പോർട്ടുചെയ്തു.
ഇറാൻ യുദ്ധം തുടങ്ങിയതിനുപിന്നാലെ പശ്ചിമേഷ്യയിൽനിന്നുള്ള ഉപഗ്രഹചിത്രങ്ങൾ പുറത്തുവിടുന്നതിന് യു.എസ്. നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. ഇറാൻ വാർത്താ ഏജൻസികൾ പുറത്തുവിട്ട ഉപഗ്രഹചിത്രങ്ങളെ യൂറോപ്യൻ യൂണിയന്റെ ഉപഗ്രഹ സംവിധാനമായ കോപ്പർനിക്കസ് പുറത്തുവിട്ട ഉപഗ്രഹചിത്രങ്ങളുമായി താരതമ്യം ചെയ്ത് ആധികാരികത ഉറപ്പുവരുത്തിയശേഷം നടത്തിയ വിശകലനമാണ് പോസ്റ്റ് പുറത്തുവിട്ടത്.
ഇതുപ്രകാരം മേഖലയിലെ 15 സൈനികത്താവളങ്ങളിലായി 215 കെട്ടിടങ്ങൾക്കും 11 യുദ്ധോപകരണങ്ങൾക്കും കേടുപറ്റുകയോ തകരുകയോ ചെയ്തു. ഇറാൻ ആക്രമണങ്ങൾ കൃത്യതയുള്ളതായിരുന്നുവെന്നും വ്യോമപ്രതിരോധ സംവിധാനങ്ങൾ തടസ്സപ്പെടുത്താത്ത ആക്രമണങ്ങളെല്ലാം ലക്ഷ്യസ്ഥാനം കണ്ടെന്നും ചിത്രങ്ങൾ സൂചിപ്പിക്കുന്നു.
ഖത്തറിലെ അൽ-ഉദൈദ് വ്യോമതാവളത്തിലെ ഒരു ഉപഗ്രഹ ആശയവിനിമയ കേന്ദ്രം, ബഹ്റൈനിലെ റിഫ, ഇസ വ്യോമതാവളങ്ങളിലെ പാട്രിയറ്റ് മിസൈൽ പ്രതിരോധ ഉപകരണങ്ങൾ, കുവൈത്തിലെ അലി അൽ-സലേം വ്യോമതാവളം, യു.എസ് അഞ്ചാം ഫ്ളീറ്റിന്റെ ആസ്ഥാനമായി പ്രവർത്തിക്കുന്ന നേവൽ സപ്പോർട്ട് ആക്ടിവിറ്റി ബഹ്റൈനിലെ ചില സംവിധാനങ്ങൾ, കുവൈത്തിലെ ക്യാമ്പ് ബ്യൂഹ്റിങ്ങിലെ ഒരു വൈദ്യതനിലയം എന്നിവയിലും ഇറാൻ ആക്രമണം ഉണ്ടായെന്ന് പോസ്റ്റ് റിപ്പോർട്ടുചെയ്തു.






