IndiaNEWS

അസമില്‍ ഒമ്‌നിയിലേക്ക് ചാടിക്കയറി പുള്ളിപ്പുലി; ഭയന്നുവിറച്ച് യാത്രക്കാര്‍

ഗുവാഹത്തി: അസമില്‍ പുള്ളിപ്പുലിയുടെ ആക്രമണത്തില്‍ 15 പേര്‍ക്ക് പരുക്ക്. കഴിഞ്ഞ തിങ്കളാഴ്ച അസമിലെ ജോര്‍ഹട്ട് ജില്ലയിലാണ് സംഭവം.
ഫോറസ്റ്റ് ഉദ്യോഗസ്ഥനുള്‍പ്പെടെ 15 പേരെയാണ് ജനവാസ കേന്ദ്രത്തിലിറങ്ങിയ പുള്ളിപ്പുലി ആക്രമിച്ചു പരുക്കേല്‍പ്പിച്ചത്.

ജോര്‍ഹട്ടില്‍ നിരത്തിലിറങ്ങിയ പുള്ളിപ്പുലിയെ തുരത്തുന്നതിനിടയിലായിരുന്നു ആക്രമണം. പുള്ളിപ്പുലിയെ തുരത്താന്‍ ഏഴു റൗണ്ടാണ് വനംവകുപ്പ് വെടിയുതിര്‍ത്തത്. തുടര്‍ന്ന് പരിഭ്രാന്തനായ പുള്ളിപ്പുലി മുന്നില്‍ക്കണ്ടവരെയെല്ലാം ആക്രമിക്കുകയായിരുന്നു. മതില്‍ ചാടിക്കടന്ന് നിരത്തിലേക്കെത്തിയ പുള്ളിപ്പുലി അതുവഴി പോകുകയായിരുന്ന മാരുതി ഒമ്‌നിയെയും ആക്രമിച്ചു. വാഹനത്തിലേക്ക് ചാടിക്കയറിയ പുള്ളിപ്പുലി ഗ്ലാസില്‍ അള്ളിപ്പിടിച്ച ശേഷം താഴേക്ക് ഊര്‍ന്നിറങ്ങുകയായിരുന്നു. വാഹനത്തിന്റെ വിന്‍ഡോ ഉയര്‍ത്തിയിരുന്നതുകൊണ്ട് മാത്രമാണ് ഡ്രൈവര്‍ ഉള്‍പ്പെടെയുള്ളവര്‍ പുലിയുടെ ആക്രമണത്തില്‍ നിന്ന് രക്ഷപ്പെട്ടത്. പുലി വാഹനത്തിലേക്ക് ചാടിക്കയറിയതും ഡ്രൈവര്‍ വാഹനം നിര്‍ത്തിയതും ഒരുമിച്ചായിരുന്നു. വാഹനത്തില്‍ നിന്ന് ഊര്‍ന്നിറങ്ങിയ പുള്ളിപ്പുലി റോഡിലേക്ക് ഓടിമറയുകയും ചെയ്തു. എതിര്‍വശത്തുണ്ടായിരുന്ന വാഹനത്തിലുണ്ടായിരുന്നവരാണ് ഈ ദൃശ്യം പകര്‍ത്തിയതും സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചതും.

Signature-ad

വനാതിര്‍ത്തിയോടു ചേര്‍ന്നുള്ള മേഖലകളില്‍ വാഹനത്തില്‍ സഞ്ചരിക്കുന്നവര്‍ പ്രത്യേകം ശ്രദ്ധിക്കളമെന്നും ഇത്തരം ആക്രമണങ്ങള്‍ ഉണ്ടാകാനുള്ള സാധ്യതയേറെയാണെന്നും വനംവകുപ്പ്് അധികൃതര്‍ മുന്നറിയിപ്പ് നല്‍കുന്നു. വന്യമൃഗങ്ങളെ റോഡില്‍ കണ്ടാല്‍ വാഹനം നിശ്ചിത അകലത്തില്‍ റോഡരികില്‍ നിര്‍ത്തിയിടണം. വാഹനത്തിന്റെ ഗ്ലാസുകള്‍ താഴ്ത്തുകയോ വാഹനത്തിനു വെളിയിലിറങ്ങി അവയുടെ ചിത്രം പകര്‍ത്താന്‍ ശ്രമിക്കുകയോ ചെയ്യരുത്.അവയെ പ്രകോപിപ്പിക്കുന്ന തരത്തില്‍ ഉച്ചത്തില്‍ ഹോണ്‍ മുഴക്കുന്നതും അപകടം ക്ഷണിച്ചുവരുത്തും. വന്യമൃഗങ്ങള്‍ കടന്നുപോയതിനു ശേഷം മാത്രമേ വാഹനത്തില്‍ യാത്ര തുടരാവൂ എന്നും അധികൃതര്‍ വിശദീകരിക്കുന്നു.

Back to top button
error: