തിരുവനന്തപുരം: സജി ചെറിയാന്റെ മന്ത്രിസഭാ പുനഃപ്രവേശനത്തില്‍ നിയമോപദേശം തേടി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്. ഭരണഘടനാവിരുദ്ധ പ്രസ്താവനയുടെ പേരിലാണ് സജി ചെറിയാന് വെച്ചത്. ഇതുമായി ബന്ധപ്പെട്ട് കോടതികളിലുള്ള നിയമപ്രശ്നങ്ങള്‍ അവസാനിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് അദ്ദേഹത്തെ മന്ത്രിസഭയിലേക്ക് തിരിച്ചുകൊണ്ടുവരാന്‍ സി.പി.എം. തീരുമാനിച്ചിരിക്കുന്നത്.
സജി ചെറിയാന് വീണ്ടും മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നതിന് ഏതെങ്കിലും തരത്തിലുള്ള നിയമപ്രശ്നങ്ങള്‍ അവശേഷിക്കുന്നുണ്ടോയെന്നാണ് ഗവര്‍ണര്‍ നിയമോപദേശം തേടിയിരിക്കുന്നത്. ഹൈക്കോടതി സ്റ്റാന്‍ഡിങ് കൗണ്‍സില്‍ അഡ്വ ഗോപകുമാര്‍ നായരില്‍നിന്നാണ് അദ്ദേഹം നിയമോപദേശം തേടിയിരിക്കുന്നത്.
സജി ചെറിയാന് നാലാം തിയതി സത്യപ്രതിജ്ഞ ചെയ്യാനാണ് സി.പി.എമ്മിലെ തീരുമാനം. എന്നാല്‍ അദ്ദേഹത്തെ മന്ത്രിസഭയിലേക്ക് തിരിച്ചുകൊണ്ടുവരാനുള്ള നീക്കത്തെ പ്രതിപക്ഷവും ബി.ജെ.പിയും എതിര്‍ക്കുന്നുണ്ട്.
സജി ചെറിയാന് ഭരണഘടനയെ അവഹേളിച്ചു പ്രസംഗിച്ചുവെന്ന കേസ് കോടതിയുടെ പരിഗണനയില്‍ തന്നെയാണുള്ളതെന്ന് പ്രതിപക്ഷം ചൂണ്ടിക്കാട്ടുന്നുണ്ട്. കേസ് അവസാനിപ്പിക്കാന്‍ പോലീസ് നല്കിയ അപേക്ഷ നല്കിയിട്ടുണ്ടെങ്കില് അത് നിലവില്‍ തിരുവല്ല ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയുടെ പരിഗണനയിലാണ്. പ്രസംഗത്തില്‍ മനപ്പൂര്‍വം ഭരണഘടനയെ അവഹേളിക്കാന്‍ സജി ചെറിയാന് ഉദ്ദേശിച്ചിട്ടില്ലെന്നാണ് പോലീസ് അപേക്ഷയില്‍ പറഞ്ഞിട്ടുള്ളത്. അതേ സമയം പ്രസംഗവുമായി ബന്ധപ്പെട്ട് സജി ചെറിയാനെ എം.എല്‍.എ. സ്ഥാനത്തുനിന്ന് അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജികള്‍ ഹൈക്കോടതി തള്ളുകയും ചെയ്തിരുന്നു.