ഭോപാല്‍: ശ്രീരാമനെയും ഹനുമാനെയും ആരാധിക്കുന്നതിന്റെ കുത്തകാവകാശം ബി.ജെ.പിക്കില്ലെന്ന് മുതിര്‍ന്ന നേതാവ് ഉമാഭാരതി. കഴിഞ്ഞ ദിവസം ”നിങ്ങള്‍ക്ക് ആര്‍ക്കുവേണമെങ്കിലും വോട്ടുചെയ്യാനുള്ള സ്വാതന്ത്ര്യ”മുണ്ടെന്ന് ലോധി സമുദായക്കാരോട് പറഞ്ഞതിനു പിന്നാലെയാണ് പുതിയ പരാമര്‍ശം. മധ്യപ്രദേശില്‍ ശിവരാജ് സിങ് ചൗഹാന്റെ നേതൃത്വത്തിലുള്ള ബി.ജെ.പി. സര്‍ക്കാരിനോടുള്ള കടുത്ത അതൃപ്തിയാണ് ഉമാഭാരതിയെ ഇത്തരം പരസ്യപ്രതികരണങ്ങള്‍ക്ക് പ്രേരിപ്പിക്കുന്നതെന്നാണ് വിലയിരുത്തല്‍.
മധ്യപ്രദേശ് മുന്‍മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ കമല്‍നാഥ് സംസ്ഥാനത്ത് ഹനുമാന് ക്ഷേത്രമുണ്ടാക്കാന്‍ പോകുന്നതിനെക്കുറിച്ച് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോഴാണ്, ശ്രീരാമനെയും ഹനുമാനെയും ആരാധിക്കുന്നതിന് ബി.ജെ.പിക്ക് കുത്തകാവകാശമില്ലെന്ന് ഉമാഭാരതി പ്രതികരിച്ചത്.
അടുത്തിടെ അവരുടെ നേതൃത്വത്തില്‍ ഒരു മദ്യശാല ആക്രമിച്ചതും സംസ്ഥാനത്ത് മദ്യനിരോധനം നടപ്പാക്കണമെന്ന് ആവശ്യമുന്നയിച്ചതും ചൗഹാന് സര്‍ക്കാരിനെ പ്രതിരോധത്തിലാക്കിയിരുന്നു. സര്‍ക്കാര്‍ തന്നെ ഒറ്റപ്പെടുത്തുകയാണെന്ന് മുന്‍മുഖ്യമന്ത്രികൂടിയായ ഉമാഭാരതി അടുപ്പക്കാരോട് പരാതിപ്പെടുന്നുണ്ടെന്നും പാര്‍ട്ടിവൃത്തങ്ങള്‍ പറഞ്ഞു.
ബി.ജെ.പിക്കാര്‍ വോട്ടുചെയ്യണമെന്ന് ആവശ്യപ്പെട്ടാല്‍പ്പോലും ആലോചിച്ച് യുക്തമായ തീരുമാനത്തിലെത്തണമെന്നാണ് ഉമാഭാരതി ലോധി സമുദായക്കാരോട് കഴിഞ്ഞ ദിവസം പറഞ്ഞത്. ബി.ജെ.പിയുടെ വോട്ടുബാങ്കായ ഇതേ സമുദായക്കാരിയാണ് അവര്‍. അടുത്തവര്‍ഷമാണ് മധ്യപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പ്.
‘പത്താന്’ സിനിമയ്ക്കെതിരേ ബി.ജെ.പി. നേതാക്കള്‍ നടത്തുന്ന കടന്നാക്രമണത്തെയും ഉമാഭാരതി അപലപിച്ചിരുന്നു. പ്രദര്‍ശനയോഗ്യമാണോ അല്ലയോ എന്ന് തീരുമാനിക്കാനാണ് സെന്സര്ബോര്ഡെന്ന് അവര്‍ തുറന്നടിച്ചു.