KeralaNEWS

ദാമ്പത്യ പ്രശ്നങ്ങൾ പരിഹരിക്കാൻ നഗ്നപൂജ…!  പൂജയ്ക്ക് യുവതിയുടെ നഗ്ന ഫോട്ടോയോ നഗ്നവീഡിയോയോ വേണം, പിന്നീട് ഈ ചിത്രങ്ങൾ ഉപയോഗിച്ച് ഭീക്ഷണി; ഹൈടെക് മന്ത്രവാദി അറസ്റ്റിൽ

ദുർമന്ത്രവാദവും ഹോമവും നരബലിയും വരെ പുരോഗമന കേരളത്തിലും പതിവായി മാറിയിരിക്കുന്നു. ജ്യോത്സ്യന്മാരും ഇപ്പാൾ ഓണ്‍ലൈന്‍ ജ്യോത്സ്യത്തിൻ്റെ വിപുലമായ സാധ്യതകൾ ഉപയോഗിക്കുകയാണ്.

കുടുംബ പ്രശ്നങ്ങളും ദാമ്പത്യ കലഹങ്ങളും പരിഹരിക്കാൻ നഗ്നപൂജ നടത്തണമെന്നാണ് ഒരു പൂജാരിയുടെ നിർദ്ദേശം. പൂജ നടത്താൻ യുവതികളുടെ നഗ്ന ഫോട്ടോയോ നഗ്നവീഡിയോയോ വാട്സാപ്പിൽ ആവശ്യപ്പെടും. അങ്ങനെ ലഭിക്കുന്ന ഫോട്ടോകൾ വച്ച് പിന്നീട് ഭീഷണിയും സമ്മദ്ദങ്ങളും. അത്തരത്തിലൊരാള്‍ കഴിഞ്ഞ ദിവസം പൊലീസ് പിടിയിലായി.

Signature-ad

  ജ്യോത്സ്യന്‍ ചമഞ്ഞ് ഇങ്ങനെ സമൂഹ മാദ്ധ്യമങ്ങളിലൂടെ യുവതികളുടെ നഗ്നഫോട്ടോയും വീഡിയോയും കൈക്കലാക്കി പ്രചരിപ്പിച്ച തിരുവനന്തപുരം കള്ളിക്കാട് മുണ്ടവന്‍കുന്ന് സുബീഷ് ഭവനില്‍ സുബീഷാണ് (37) പൊലീസ് പിടിയിലായത്. ഇയാളുടെ തട്ടിപ്പിനിരയായ നെയ്യാര്‍ഡാം സ്വദേശിനിയുടെ പരാതിയിലാണ് അറസ്റ്റ്. സമൂഹമാധ്യമങ്ങളിലൂടെയാണ് ഇയാള്‍ തട്ടിപ്പുകള്‍ നടത്തിയിരുന്നത്.

വാട്സാപ്പ്, ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം, ടെലിഗ്രാം തുടങ്ങിയവയില്‍ സ്ത്രീകളുടെ പേരില്‍ അക്കൗണ്ടുകള്‍ തുടങ്ങിയാണ് സുബീഷ് തട്ടിപ്പുകള്‍ നടത്തിയിരുന്നത്. യുവതികളുമായി ചാറ്റ് ചെയ്ത് സൗഹൃദം സ്ഥാപിക്കും. അതിനു ശേഷമായിരുന്നു സുബീഷ് തട്ടിപ്പുകള്‍ നടത്തിയിരുന്നത്. ചാറ്റിലൂടെ സ്ത്രീകളുടെ കുടുംബപ്രശ്നങ്ങള്‍ മനസിലാക്കിയ ശേഷമാണ് സുബീഷ് വല വിരിക്കുക. തനിക്ക് ജ്യോതിഷം അറിയാമെന്ന് സ്ത്രീകളെ പറഞ്ഞ് ധരിപ്പിക്കും. ചാറ്റ്ചെയ്യുന്ന സ്ത്രീക്ക് നിലവില്‍ സമയദോഷമാണെന്നും പുജ ചെയ്ത് ദോഷം നീക്കിയില്ലെങ്കില്‍ കുടുംബത്തില്‍ വേണ്ടപ്പെട്ടവര്‍ക്ക് മരണം വരെ സംഭവിക്കാമെന്നും സുബീഷ് ധരിപ്പിക്കും. ഭയന്നുപോകുന്ന സ്ത്രീകള്‍ ഇയാളുടെ വലയില്‍ വീഴുകയാണ് പതിവെന്നും പൊലീസ് വ്യക്തമാക്കി.

കുടുംബത്തില്‍ പിടിപെട്ട ദോഷത്തില്‍ നിന്നും കരകയറുവാന്‍ നഗ്നപൂജയാണ് ഇയാള്‍ ആവശ്യപ്പെടുന്നത്. പൂജ നടത്താന്‍ നഗ്ന ഫോട്ടോയോ വീഡിയോയോ വേണമെന്നും ഇയാള്‍ പറയുന്നു. സ്ത്രീയുടെ പേരില്‍ സംസാരിക്കുന്നതു കൊണ്ടുതന്നെ സാധാരണക്കാരികളായ സ്ത്രീകള്‍ ഇത് വിശ്വസിക്കുകയാണ് പതിവ്. ഇത്തരത്തില്‍ നിരവധി സ്ത്രീകളെ ഇയാള്‍ കുടുക്കിയിട്ടുണ്ടെന്നാണ് അന്വേഷണ സംഘം വ്യക്തമാക്കുന്നത്. വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് വഴി മന്ത്രവാദിനിയാണെന്ന വ്യാജേന അയല്‍ക്കാരും ബന്ധുക്കളുമുള്‍പ്പെടെ നിരവധി സ്ത്രീകളെ കബളിപ്പിച്ചിട്ടുണ്ടെന്നും അന്വേഷണ സംഘം പറഞ്ഞു.

നെയ്യാര്‍ഡാം സ്വദേശിനിയായ പരാതിക്കാരിയുടെ ഭര്‍ത്താവും കുഞ്ഞും മരണപ്പെടുമെന്ന് പറഞ്ഞായിരുന്നു സുബീഷ് വ്യാജ പേരില്‍ അവരുമായി സൗഹൃദം സ്ഥാപിച്ചത്. അത് ഒഴിവാക്കണമെങ്കില്‍ നഗ്നപൂജ ആവശ്യമാണെന്നും അയാള്‍ യുവതിയെ ധരിപ്പിച്ചു. നഗ്നപൂജയ്ക്കായി ഫോട്ടോയും വീഡിയോയും ആവശ്യപ്പെട്ടു. യുവതി അയച്ചു കൊടുത്ത ഫോട്ടോകളും വീഡിയോകളും ഓണ്‍ലൈനിലൂടെ നിരവധിപ്പേര്‍ക്ക് സുബീഷ് അയച്ചു കൊടുത്തു എന്നാണ് പരാതി.

വര്‍ഷങ്ങള്‍ക്കു മുന്‍പ് തന്നെ ഇയാള്‍ കള്ളിക്കാട് ടൗണിലെ ഒരു ഇലക്‌ട്രിക് ഷോപ്പിലെ സ്ഥിരം സാന്നിദ്ധ്യമായിരുന്നു എന്ന് നാട്ടുകാര്‍ പറയുന്നു. കോളജ് വിദ്യാർത്ഥിനികളായ പെണ്‍കുട്ടികള്‍ നിരവധി തവണ ഇയാള്‍ക്കെതിരെ പരാതി ഉന്നയിച്ചിട്ടുണ്ടെന്നുള്ള വിവരങ്ങളും ഇപ്പോള്‍ പുറത്തു വരുന്നുണ്ട്. ഇയാള്‍ക്ക് പിന്നില്‍ മറ്റാരെങ്കിലുമുണ്ടോ എന്ന സംശയവും അന്വേഷണ സംഘം ഉന്നയിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ സംഭവവുമായി ബന്ധപ്പെട്ട് അന്വേഷണം പൊലീസ് ശക്തമാക്കിയിട്ടുണ്ട്.

Back to top button
error: