IndiaNEWS

ഗുലാം നബി ആസാദിന് ഭാരത് ജോഡോ  യാത്രയിലേക്ക് ക്ഷണം, കോൺഗ്രസിലേക്ക് മടങ്ങിവരുന്നു എന്ന് അഭ്യൂഹം;ചില കോൺ​ഗ്രസ് നേതാക്കൾ  മെനയുന്ന കഥയെന്ന് ​ഗുലാം നബി 

 രാഹുല്‍ ഗാന്ധിക്കും അദ്ദേഹത്തിന്റെ പ്രവര്‍ത്തന ശൈലിക്കും എതിരെ രൂക്ഷവിമര്‍ശനങ്ങള്‍ നടത്തി  കോണ്‍ഗ്രസ് വിട്ട മുതിര്‍ന്ന നേതാവ് ഗുലാം നബി ആസാദ് പാര്‍ട്ടിയിലേക്ക് തിരിച്ചെത്താനുള്ള നീക്കങ്ങള്‍ നടത്തുന്നു എന്ന് അഭ്യൂഹം. കോണ്‍ഗ്രസ് നേതൃത്വവുമായി അദ്ദേഹം ചര്‍ച്ചകള്‍ നടത്തിവരുന്നതായി വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്തു.

ഓഗസ്റ്റ് 26-നാണ് ഗുലാം നബി കോണ്‍ഗ്രസുമായുള്ള അഞ്ചുപതിറ്റാണ്ടിലേറെ ദൈര്‍ഘ്യമുള്ള ബന്ധം ഉപേക്ഷിച്ചത്. ഒക്ടോബറില്‍ ജമ്മുകശ്മീര്‍ കേന്ദ്രീകരിച്ച് ‘ഡെമോക്രാറ്റിക് ആസാദ് പാർട്ടി’ രൂപീകരിക്കുകയും ചെയ്തു. കശ്മീരിന്റെ സമ്പൂര്‍ണ സംസ്ഥാന പദവി തിരിച്ചുപിടിക്കുകയായണ് പാര്‍ട്ടിയുടെ പ്രധാന അജണ്ടയെന്ന് ഗുലാം നബി പറഞ്ഞിരുന്നു

Signature-ad

ബി.ജെ.പിയെ നേരിടാന്‍ കോണ്‍ഗ്രസിന് മാത്രമേ കഴിയൂവെന്ന് അടുത്തിടെ അദ്ദേഹം അഭിപ്രായപ്പെട്ടു. കോണ്‍ഗ്രസിന്റെ നയത്തോടല്ല മറിച്ച് അതിന്റെ ദുര്‍ബലമായ സംഘടനാസംവിധാനത്തോടാണ്  എതിര്‍പ്പെന്നും അദ്ദേഹം പ്രസ്താവിച്ചു.

ഈ പ്രസ്താവനയ്ക്ക് പിന്നാലെ ഭാരത് ജോഡോ യാത്രയുടെ കണ്‍വീനറും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ദിഗ് വിജയ് സിങ് ഗുലാം നബിയെ പരസ്യമായി പാര്‍ട്ടിയിലേക്ക് ക്ഷണിച്ചിരുന്നു. ഭാരത് ജോഡോ യാത്രയുടെ ഭാഗമാകാനും അദ്ദേഹത്തെ ക്ഷണിക്കുകയുണ്ടായി.

ഇതിനിടെ, ആസാദിനൊപ്പം കോണ്‍ഗ്രസിൽ നിന്നു രാജിവച്ച ചില മുതിര്‍ന്ന നേതാക്കള്‍ അടുത്തിടെ ആസാദ് ക്യാമ്പും വിട്ടു. ഭാരത് ജോഡോ യാത്ര ജമ്മുകശ്മീരിലെത്തുമ്പോള്‍ ഈ നേതാക്കള്‍ കോണ്‍ഗ്രസിനൊപ്പം ചേരുമെന്നാണ് സൂചന.

ആസാദിനെ പാര്‍ട്ടിയില്‍ തിരിച്ചെടുക്കുന്നതിനോട് ഗാന്ധി കുടുംബത്തിനും എതിര്‍പ്പില്ലെന്നാണ് വിവരം. അഖിലേഷ് പ്രസാദ് സിങ്, ഭൂപീന്ദര്‍ സിങ് ഹൂഡ, അംബികാ സോണി എന്നിവരെയാണ് ഗുലാം നബിയുമായി ചര്‍ച്ചകള്‍ക്ക് കോണ്‍ഗ്രസ് നേതൃത്വം നിയോഗിച്ചിരിക്കുന്നത്. ഗാന്ധി കുടുംബത്തിന്റെ വിശ്വസ്തയായ അംബികാ സോണിക്ക് ആസാദുമായി അടുത്ത രാഷ്ട്രീയ ബന്ധമുണ്ട്.

ഇതിനിടെ കോൺ​ഗ്രസിലേക്ക് തിരിച്ചെത്തുന്നുവെന്ന വാർത്തകൾ നിഷേധിച്ച് മുൻ കോൺ​ഗ്രസ് നേതാവും ഡെമോക്രാറ്റിക് ആസാദ് പാർട്ടിയുടെ നേതാവുമായ ​ഗുലാം നബി ആസാദ്. പാർട്ടിയിലേക്ക് തിരിച്ചെത്തുന്നുവെന്ന എഎൻഐ വാർത്ത കണ്ട് താൻ ഞെട്ടിപ്പോയെന്ന് ​ഗുലാം നബി ആസാദ് പറഞ്ഞു. ദൗർഭാഗ്യവശാൽ ചില കോൺ​ഗ്രസ് നേതാക്കൾ ഇപ്പോൾ ഇത്തരം കഥകൾ മെനയുന്നുണ്ട്. ഇത് തന്റെ പാർട്ടിയിലെ നേതാക്കളുടേയും അനുഭാവികളുടെയും മനോവീര്യം തകർക്കാൻ വേണ്ടി മാത്രമാണ് ചെയ്യുന്നതെന്നും ​ഗുലാം നബി ആസാദ് ട്വിറ്ററിൽ കുറിച്ചു.

Back to top button
error: