തിരുവനന്തപുരം: മലയിൻകീഴ് മച്ചേൽ ശിവജിപുരത്ത് പ്രവര്‍ത്തിക്കുന്ന സപ്ലൈകോ ഗോഡൗണിൽ ഇന്നലെ രാവിലെ സി ഐ ടി യു , എ ഐ ടി യു സി തൊഴിലാളികള്‍ തമ്മില്‍ ഏറ്റുമുട്ടി. ഏതാണ്ട് അരമണിക്കൂറോളം സ്ഥലത്ത് സംഘര്‍ഷാവസ്ഥ നിലനിന്നു. സംഭവത്തിൽ രണ്ട് പേർക്ക് പരിക്കേറ്റു. ഗോഡൗണിലെ എഐടിയുസി ചുമട്ട് തൊഴിലാളി യൂണിയന്‍ സെക്രട്ടറി ആര്‍ സുശീലന്‍, സിഐടിയു കണ്‍വീനര്‍ എം എസ് ബിജു എന്നിവര്‍ക്കാണ് പരിക്കേറ്റത്. ആശുപത്രിയില്‍ ചികിത്സയിലുള്ള ഇരുവരും പോലീസില്‍ പരാതി നല്‍കി.
സി ഐ ടി യു യൂണിയനിൽ നിന്ന് ബി ഷാജഹാൻ, പി രാധാകൃഷ്ണൻ, കെ രതീഷ്, വി ശ്രീകുമാർ, എം ഗിരീശൻ എന്നീ തൊഴിലാളികൾ അടുത്തിടെ എ ഐ ടി യു സി യൂണിയനിലേക്ക് മാറിയിരുന്നു. ഇവർ ഇന്നലെ രാവിലെ എ എൽ ഒ നൽകിയ പുതിയ രിച്ചറിയൽ കാർഡുമായി കയറ്റിറക്ക് ജോലിക്കായി എത്തിയപ്പോള്‍ ജോലിചെയ്യാൻ അനുവദിക്കില്ലെന്ന് സി ഐ ടി യു പ്രവർത്തകർ പറഞ്ഞതിനെ തുടർന്നാണ് വാക്ക് തർക്കവും കൈയാങ്കളിയും ഉണ്ടായത്. പരിക്കേറ്റ ഗിരീശൻ, രാധാകൃഷ്ണൻ നായർ എന്നിവരെ മലയിൻകീഴ് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കാട്ടാക്കട താലൂക്കിലെ റേഷൻ കടകൾ, സിവിൽ സപ്ലൈസ് ഷോപ്പ് ഉൾപ്പെടെയുള്ള സ്ഥലങ്ങളിലേക്ക് ഇവിടെ നിന്നാണ് അരി കൊണ്ട് പോകുന്നത്. ഐ എൻ ടി യു സി, ബി എം എസ്, സി ഐ ടി യു, എ ഐ ടി യു സി എന്നീ യൂണിയനുകളിലുള്ള 52 തൊഴിലാളികളാണ് രണ്ട് ഷിഫ്റ്റുകളിലായി ഗോഡൗണിൽ ജോലി ചെയ്യുന്നത്. പുറമേ നിന്നുള്ളവരെത്തിയാണ് ആക്രമണം നടത്തിയതെന്ന് എ ഐ ടി യു സി തൊഴിലാളികൾ സപ്ലൈക്കോ മാനേജർക്കും പൊലീസിലും ലേബർ ഓഫീസർക്കും നല്‍കിയ പരാതിയില്‍ പറയുന്നു. തൊഴിലാളികള്‍ തമ്മിലുള്ള തര്‍ക്കത്തെ കുറിച്ച് അറിയില്ലെന്നും ഗോഡൗണിന്‍റെ പ്രവര്‍ത്തനത്തെ ഇത് ബാധിക്കില്ലെന്നും സപ്ലൈക്കോ ഉദ്യോഗസ്ഥര്‍ അറിയിച്ചു.