CrimeNEWS

വായ്പാ തിരിച്ചടവ് മുടങ്ങിയതിന്‍റെ പേരില്‍ സ്വകാര്യ ബാങ്ക് നിയോഗിച്ച അക്രമി സംഘം വീടു കയറി യുവാവിന്‍റെ കൈവിരല്‍ വെട്ടി

ആനത്താനം: വായ്പാ തിരിച്ചടവ് മുടങ്ങിയതിൻറെ പേരിൽ സ്വകാര്യ ബാങ്ക് നിയോഗിച്ച അക്രമി സംഘം വീടു കയറി യുവാവിൻറെ കൈവിരൽ വെട്ടി. കോട്ടയം വിജയപുരത്തിനടുത്ത് ആനത്താനത്ത് ഇന്ന് വൈകിട്ടായിരുന്നു സംഭവം. ബാങ്കിൻറെ മണർകാട് ശാഖയിൽ നിന്ന് നിയോഗിച്ച അക്രമികളാണ് ആക്രമിച്ചതെന്നാണ് കുടുംബത്തിൻറെ പരാതി. സംഭവത്തെക്കുറിച്ച് അന്വേഷിച്ച് വരികയാണെന്ന് ബാങ്ക് അധികൃതർ പ്രതികരിച്ചു.
ആനത്താനം സ്വദേശി രഞ്ജിത്തിൻറെ വീടാണ് ആക്രമിക്കപ്പെട്ടത്. അഞ്ചംഗ സംഘം ഇന്ന് വൈകിട്ട് അഞ്ചരയോടെ വീട്ടിലെത്തി വീടാകെ അടിച്ചു തകർക്കുകയായിരുന്നെന്ന് കുടുംബം പറയുന്നു. തടയാനെത്തിയ രഞ്ജിത്തിനെ വെട്ടുകയായിരുന്നു. അക്രമത്തിൽ രഞ്ജിത്തിൻറെ വലതുകൈയുടെ ചൂണ്ടുവിരൽ അറ്റുപോയി.

മണർകാട്ടെ ശാഖയിൽ നിന്ന് ഓട്ടോറിക്ഷ വാങ്ങാനായി രഞ്ജിത് എടുത്ത വായ്പയുടെ തിരിച്ചടവ് മുടങ്ങിയതിൻറെ പേരിൽ ബാങ്ക് അധികൃതർ വിട്ട ഗുണ്ടകളാണ് അക്രമം നടത്തിയതെന്ന് ബന്ധുക്കൾ പറയുന്നു. രഞ്ജിത്തിനെ കോട്ടയം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. അക്രമം ചെറുക്കാൻ ശ്രമിച്ച സഹോദരൻ അജിത്തിനും പരുക്കുണ്ട്. കഴിഞ്ഞ ജൂൺ മാസത്തിൽ സ്വകാര്യ ബാങ്ക് വീട് ജപ്തി ചെയ്തതിനെത്തുടർന്ന് പട്ടികജാതി വിഭാഗത്തിൽപ്പെട്ട വീട്ടമ്മ വീടിന് മുന്നിൽ ദീർഘനാളുകൾ കുത്തിയിരിക്കേണ്ട ദുർഗതി നേരിട്ടിരുന്നു. സർഫാസി ആക്ട് പ്രകാരം ആക്സിസ് ബാങ്കാണ് വീട് ജപ്തി ചെയ്തത്. കോട്ടയം മുള്ളൻ കുഴിയിലെ ശകുന്തളയെന്ന വീട്ടമ്മയ്ക്കായിരുന്നു ദുരനുഭവം നേരിട്ടത്. 5.92 ലക്ഷം രൂപയാണ് ശകുന്തള ഭവനവായ്പ എടുത്തത്. തൊണ്ണൂറായിരം രൂപ തിരിച്ചടച്ചു. ആറ് ലക്ഷം തിരികെ അടക്കണമെന്നാണ് ബാങ്ക് ഇപ്പോൾ ആവശ്യപ്പെടുന്നത്. 2016ലാണ് ലോണെടുത്തത്.

Signature-ad

അർബുദ ബാധയെ തുടർന്ന് 2013 ൽ ശകുന്തളയുടെ ഭർത്താവ് മരിച്ചു. വീട് വിറ്റ് പണം അടയ്ക്കാമെന്ന് പറഞ്ഞിട്ടും ബാങ്ക് സാവകാശം തന്നില്ലെന്ന് ശകുന്തള പറയുന്നു. സാധനങ്ങൾ എടുക്കാനായി മൂന്ന് ദിവസം കഴിയുമ്പോൾ വീട് തുറന്നു നൽകാമെന്നാണ് ജപ്തി ചെയ്ത സമയത്ത് ബാങ്ക് അധികൃതർ പറഞ്ഞത്. എന്നാൽ 14 ദിവസം കഴിഞ്ഞിട്ടും ഇക്കാര്യത്തിൽ നടപടിയായില്ലെന്നും അന്ന് വീട്ടമ്മ പരാതിപ്പെട്ടിരുന്നു. ഒടുവിൽ തിരുവഞ്ചൂർ രാധാകൃഷ്ണൻ എം എൽ എ ഇടപെട്ടാണ് വായ്പാ തിരിച്ചടവിന് സാവകാശം അനുവദിച്ച് കിട്ടിയത്.

Back to top button
error: