ഇരിക്കൂര്‍: കണ്ണൂരില്‍ യുവാവിനെ കുത്തേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. കണ്ണൂർ പടിയൂര്‍ ആര്യങ്കോട് കോളനിയിലാണ് യുവാവിനെ ദൂരുഹ സാഹചര്യത്തില്‍ കുത്തേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കോളനിവാസിയായ വിഷ്ണു (26) വാണ് മരിച്ചത്. ആദിവാസി വിഭാഗത്തിൽ പെടുന്ന യുവാവാണ് മരിച്ചത്. സംഭവത്തിൽ ഇരിക്കൂർ പൊലീസ് അന്വേഷണം തുടങ്ങി.
തിരുവല്ലത്ത് കുടുംബ വഴക്കിനെ തുടർന്ന് 82 കാരിയെ ഭർത്താവ് കുത്തിക്കൊന്നത് കഴിഞ്ഞ ദിവസമാണ്. തിരുവല്ലം പുഞ്ചക്കരി തിരുവഴിമുക്ക് സൗമ്യ കോട്ടേജിൽ ടി സി ജഗദമ്മ (82) യാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഭർത്താവായ ബാലാനന്ദനെ (87) തിരുവല്ലം പൊലീസ് പിടികൂടിയിരുന്നു. മീൻവെട്ടുന്ന കത്തികൊണ്ട് ആണ് ബാലാനന്ദൻ ഭാര്യയെ കുത്തികൊന്നത്. വീടിന് മുറ്റത്ത് വെച്ച് ജഗദമ്മയെ പ്രതി പല തവണ കത്തി കൊണ്ട് കുത്തുന്ന ദൃശ്യങ്ങള്‍ പുറത്ത് വന്നിരുന്നു. പ്രതിയുടെ രണ്ടാം ഭാര്യയാണ് കൊല്ലപ്പെട്ട് സ്ത്രീ.
ആദ്യ ഭാര്യയിലെ മക്കൾ, ജഗദമ്മയെ കാണാനായി വീട്ടിൽ വരുന്നത് സംബന്ധിച്ച് ബാലാനന്ദൻ ജഗദമ്മയുമായി വഴക്കുണ്ടായതായി പ്രദേശവാസികള്‍ പറയുന്നു. ഇത് സംബന്ധിച്ച തര്‍ക്കത്തെ തുടർന്ന് ബാലാനന്ദന് വീടിന്റെ രണ്ടാം നിലയിലുളള കിടപ്പുമുറിയിലെ ജനാലകൾ അടിച്ച് തകർത്തിരുന്നു. ഇതിന് പിന്നാലെ മുറിയിൽ കയറിയ ഇയാൾ മൂന്നരമണിയോടെ മീൻ വെട്ടുന്ന കത്തിയുമായി പുറത്തിറങ്ങി. ഈ സമയം വീട്ടുമുറ്റത്ത് അയല്‍വാസികളുമായി സംസാരിച്ചു നിക്കുകയായിരുന്ന ജഗദമ്മയെ ബാലാനന്ദന് വയറിലും മുതുകിലും കുത്തി പരിക്കേൽപ്പിക്കുകയായിരുരുന്നു.
ഇയാളുടെ ആദ്യ ഭാര്യ കമലമ്മ രണ്ട് വർഷം മുമ്പ് മരിച്ചിരുന്നു. ഇവരുടെ മക്കൾ രണ്ടാനമ്മായ ജഗദമ്മയെ കാണാനെത്തുന്നത് ബാലാനന്ദന് ഇഷ്ടമല്ലായിരുന്നതായും ഇതേ ചൊല്ലി പലപ്പോഴും ജഗദമ്മയുമായി പ്രതി വഴക്കുണ്ടാക്കിയിരുന്നതായും സമീപവാസികളും ബന്ധുക്കളും പ്രതികരിക്കുന്നുണ്ട്.