കൊച്ചി : നഗരത്തില്‍ നടക്കുന്ന പുതുവത്സരാഘോഷം അതിരുവിടാതിരിക്കാന്‍ കര്‍ശന നടപടിയുമായി പോലീസ്.നഗരത്തിലും, ആഘോഷം നടക്കുന്ന ഫോര്‍ട്ട് കൊച്ചിയിലും കര്‍ശന പരിശോധനയാണ് ഒരുക്കുന്നത്. രാവിലെ മുതല്‍ കര്‍ശന പരിശോധന ആരംഭിക്കും. രാത്രി 12 മണിയോടെ ആഘോഷപരിപാടികള്‍ അവസാനിപ്പിക്കണമെന്നാണ് നിര്‍ദ്ദേശമെന്ന് സിറ്റി പോലീസ് കമ്മിഷണര്‍ സി.എച്ച് നാഗരാജു പറഞ്ഞു.
വര്‍ണാഭമായ ആഘോഷപരിപാടികള്‍ക്കിടയിലും കരുതല്‍ വേണമെന്ന് ഓര്‍മ്മിപ്പിക്കുകയാണ് അന്വേഷണ ഏജന്‍സികള്‍. ശനിയാഴ്ച രാവിലെ മുതല്‍ത്തന്നെ നിരത്തുകളില്‍ പൊലീസ് പരിശോധന കര്‍ശനമാക്കും. ജില്ലാ അതിര്‍ത്തികളില്‍ മാത്രമല്ല, ആയിരക്കണക്കിനാളുകളെത്തുന്ന ഫോര്‍ട്ട് കൊച്ചി, മട്ടാഞ്ചോരി ഭാഗങ്ങളിലും കര്‍ശന പരിശോധന ഉറപ്പാക്കും. മദ്യപിച്ച് വാഹനമോടിക്കുന്നവര്‍ക്ക് പോലീസിന്റെ പിടി വീഴും. സ്ത്രീകളെ ശല്യം ചെയ്യുന്നവരെ പിടികൂടാന്‍ മഫ്റ്റിയില്‍ വനിതാ പോലീസുമുണ്ടാകും
ഹോട്ടലുകളിലെ പാര്‍ട്ടികളില്‍ മയക്കുമരുന്ന് ഉപയോഗം കണ്ടെത്തിയാല്‍ സംഘാടകര്‍ക്കെതിരേ കേസെടുക്കും. തിരിച്ചറിയല്‍ രേഖ പരിശോധിച്ച ശേഷമേ പാര്‍ട്ടികളില്‍ പ്രവേശനം അനുവദിക്കൂ. ആഘോഷം കൊഴിപ്പിക്കാന്‍ മദ്യത്തിന് ഓഫര്‍ നല്കുന്ന ഹോട്ടലുകള്‍ക്കെതിരെ നടപടിയുണ്ടാകും. ഫോര്‍ട്ട് കൊച്ചിയില്‍ ബാറില്‍ മദ്യപിച്ച് അടിപിടിയുണ്ടായാല്‍ സംഭവത്തിന്റെ പൂര്‍ണ ഉത്തരവാദിത്തം ബാറുടമയ്ക്ക് ആയിരിക്കുമെന്ന് പോലീസ് നോട്ടീസിലൂടെ ബാറുടമകളെ അറിയിച്ചിട്ടുണ്ട്.