ന്യൂയോര്‍ക്ക്: യു.എസില്‍ തണുത്തുറഞ്ഞ തടാകത്തില്‍ വീണ് ദമ്പതികളടക്കം മൂന്ന് ഇന്ത്യക്കാര്‍ക്ക് ദാരുണാന്ത്യം. അരിസോണയിലെ വുഡ്‌സ് കാന്യന്‍ തടാകത്തിലായിരുന്നു സംഭവം. ആന്ധ്രപ്രദേശ് സ്വദേശികളായ നാരായണ മുദ്ദാന (49), ഭാര്യ ഹരിത മുദ്ദാന, കുടുംബസുഹൃത്ത് ഗോകുല്‍ മെദിസെറ്റി (47) എന്നിവരാണു മരിച്ചത്. തണുത്തുറഞ്ഞ തടാകത്തിലൂടെ നടക്കുമ്പോള്‍ തെന്നിവീണായിരുന്നു അപകടം.
ഡിസംബര്‍ 26 ന് ഉച്ചകഴിഞ്ഞു മൂന്നരയോടെയാണ് അപകടമുണ്ടായതെന്നു വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ചാന്‍ഡ്‌ലര്‍ എന്ന സ്ഥലത്തായിരുന്നു ഇവര്‍ താമസിച്ചിരുന്നത്. ഹരിതയെ വെള്ളത്തില്‍നിന്നു പുറത്തെടുത്തു ജീവന്‍ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും മരിച്ചു. നാരായണ, ഗോകുല്‍ എന്നിവരെ മരിച്ച നിലയാണു കണ്ടെത്തിയതെന്നും പോലീസ് വ്യക്തമാക്കി.
രാജ്യമെങ്ങും അതിശൈത്യത്തില്‍ വിറങ്ങലിച്ചു നില്‍ക്കുകയാണ്. മരണം 62 പിന്നിട്ടു. ന്യൂയോര്‍ക്കില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ഹിമപാതത്തെത്തുടര്‍ന്ന് ഗതാഗതം സ്തംഭിച്ചു.ഗതാഗത സ്തംഭനം ഒഴിവാക്കാന്‍ സഹായത്തിനായി സൈന്യത്തെയും നിയോഗിച്ചിട്ടുണ്ട്. കനത്ത മഞ്ഞിനെയും ശീതക്കൊടുങ്കാറ്റിനെയും തുടര്‍ന്ന് ആയിരക്കണക്കിന് വിമാനങ്ങള്‍ റദ്ദാക്കി. രാജ്യത്ത് വൈദ്യുതി ബന്ധം പൂര്‍ണതോതില്‍ പുനഃസ്ഥാപിക്കാന്‍ കഴിയാത്തതിനാല്‍ ആയിരക്കണക്കിന് ആളുകള്‍ ഇപ്പോഴും ഇരുട്ടിലാണ്.
കനത്ത മഞ്ഞുവീഴ്ചയില്‍ അകപ്പെട്ട വാഹനങ്ങള്‍ക്ക് അകത്ത് നിന്നും വീടുകള്‍ക്ക് പുറത്തു നിന്നുമായാണ് പല മൃതദേഹങ്ങളും കണ്ടെടുത്തത്. വീടുകള്‍ക്കകത്ത് താപനില കുറയുന്നതും ആശങ്കയ്ക്ക് ഇടയാക്കുന്നുണ്ട്. മഞ്ഞുവീഴ്ചയുടെ മറവില്‍ വ്യാപക കൊള്ള നടക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.
സൈക്ലോണ്‍ ബോംബ് എന്ന ശീതക്കൊടുങ്കാറ്റിന്റെ ദുരിതത്തിലാണു യു.എസ്. മധ്യരേഖാ പ്രദേശത്തെ ചൂടേറിയ വായു മുകളിലേക്ക് ഉയര്‍ന്ന് രൂപപ്പെടുന്ന വായുരഹിത പ്രദേശത്തേക്ക് ആര്‍ട്ടിക് ധ്രുവമേഖലയില്‍ നിന്നുള്ള അതിശൈത്യക്കാറ്റ് പെട്ടെന്നു വന്നുനിറഞ്ഞാണു ബോംബ് ചുഴലി രൂപപ്പെടുന്നത്. യു.എസില്‍ ചിലയിടങ്ങളില്‍ താപനില മൈനസ് 50 ഡിഗ്രി സെല്‍ഷ്യസും കടന്നു താഴേക്കു പോയി.