CrimeNEWS

കുടുംബവഴക്കില്‍ മകന്റെ കിടപ്പുമുറിക്ക് അച്ഛന്‍ തീയിട്ടു; മരുമകളും പേരക്കുട്ടിയും ഓടി രക്ഷപ്പെട്ടു

മലപ്പുറം: കുടുംബവഴക്കിനെത്തുടര്‍ന്ന് മകന്‍ ജോലിക്കുപോയ സമയത്ത് മകന്റെ കിടപ്പുമുറിക്ക് അച്ഛന്‍ തീയിട്ടു. മുറിയിലുണ്ടായിരുന്ന മരുമകളും പേരക്കുട്ടിയും ഓടി രക്ഷപ്പെട്ടു. തിരൂരിനടുത്ത് തലക്കാട് തലൂക്കരയില്‍ തിങ്കളാഴ്ച രാവിലെ ഒന്‍പതിനാണ് സംഭവം. തീ പടരുന്നത് തടയാനെത്തിയ നാട്ടുകാരെ തല്ലിയോടിക്കാനും ഇയാള്‍ ശ്രമിച്ചു. മരുമകളുടെ പരാതിപ്രകാരം ഭര്‍ത്തൃപിതാവ് അറസ്റ്റിലായി.

തലൂക്കരയിലെ മണ്ണത്ത് അപ്പു (78) വിനെയാണ് തിരൂര്‍ പോലീസ് അറസ്റ്റുചെയ്തത്. അപ്പുവും ഇളയമകന്‍ ബാബുവും ഈ വീട്ടിലായിരുന്നു താമസം. ബാബുവിന് രണ്ടു സെന്റ് സ്ഥലം അപ്പു നല്‍കുകയും ചെയ്തിരുന്നു. പിന്നീട് ബാബുവും ഭാര്യയും തന്റെ കാര്യങ്ങള്‍ നോക്കുന്നില്ലെന്ന പരാതിയുമായി തിരൂര്‍ ആര്‍.ഡി.ഒയെ ബന്ധപ്പെട്ടിരുന്നു. മറ്റൊരു മകന്റെ വീട്ടിലേക്ക് മാറുകയുംചെയ്തു. പരാതിയുടെ ഭാഗമായി മാസം 1,500 രൂപ മകന്‍ അച്ഛന് നല്‍കണമെന്ന് ആര്‍.ഡി.ഒ. ഉത്തരവിടുകയും മകന്‍ തുക നല്‍കി വരികയുമായിരുന്നു. ഇതിലൊന്നും അപ്പു സംതൃപ്തനാകാതെയാണ് തിങ്കളാഴ്ച രാവിലെ മണ്ണത്ത് വീട്ടിലെത്തി കിടപ്പുമുറിയുടെ ജനലിലൂടെ മണ്ണെണ്ണ ഒഴിച്ച് തീയിട്ടത്. ആ സമയത്ത് മുറിയിലുണ്ടായിരുന്ന മരുമകള്‍ പ്രജിയും പേരക്കുട്ടി ആദിത്യനും പുറത്തേക്കോടി രക്ഷപ്പെട്ടു.

Signature-ad

സംഭവമറിഞ്ഞ് നാട്ടുകാര്‍ ഓടിക്കൂടിയെങ്കിലും ആരെങ്കിലും അടുത്ത് വന്നാല്‍ പെട്രോള്‍ ഒഴിച്ച് കത്തിക്കുമെന്ന് പ്രതി ഭീഷണിപ്പെടുത്തി. നാട്ടുകാരെ വടിയെടുത്ത് അടിച്ചോടിക്കാനും ഇയാള്‍ ശ്രമിച്ചു. അഗ്‌നിരക്ഷാ സേനയെ വിവരമറിയിച്ചതോടെ ഫയര്‍‌സ്റ്റേഷന്‍ ഓഫീസര്‍ എം.കെ. പ്രമോദ്കുമാറിന്റെ നേതൃത്വത്തില്‍ സേനയെത്തി അപ്പുവിനെ അനുനയിപ്പിച്ചു. തീ വ്യാപിക്കുന്നത് തടയുകയുംചെയ്തു. തുടര്‍ന്ന് തിരൂര്‍ പോലീസെത്തി അപ്പുവിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. അതേസമയം, രണ്ട് ദിവസം മുമ്പും സമാന സംഭവമുണ്ടായിരുന്നു. അന്ന് മകന്‍ പോലീസില്‍ പരാതി നല്‍കിയെങ്കിലും നടപടിയുണ്ടായിട്ടില്ലെന്ന് ആക്ഷേപമുണ്ട്.

 

 

Back to top button
error: