ലഖ്നൗ: ഗ്രേറ്റര്‍ നോയ്ഡയില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ നവജാതശിശുവിന് മുലയൂട്ടി പോലീസുകാരന്റെ ഭാര്യ. എസ്.എച്ച്.ഒ. വിനോദ് സിങ്ങിന്റെ ഭാര്യ ജ്യോതി സിങ്ങാണ് കുഞ്ഞിന് മുലപ്പാല്‍ നല്‍കിയത്. ഡിസംബര്‍ ഇരുപതാം തീയതിയാണ് നോളജ് പാര്‍ക്കിനു സമീപത്തെ കുറ്റിക്കാട്ടില്‍നിന്ന് തുണിയില്‍ പൊതിഞ്ഞ നിലയില്‍ പെണ്‍കുഞ്ഞിനെ കണ്ടെടുത്തത്.
പോലീസ് കണ്ടെത്തുമ്പോള്‍, ഉത്തരേന്ത്യയിലെ അതിശൈത്യത്തെ തുടര്‍ന്ന് കുഞ്ഞിന്റെ അവസ്ഥ വളരെ മോശമായിരുന്നു. തുടര്‍ന്ന് കുഞ്ഞിനെ സ്റ്റേഷനിലേക്ക് കൊണ്ടുപോയി. വിശപ്പും തണുപ്പും കാരണം കുഞ്ഞ് നിര്‍ത്താതെ കരഞ്ഞു. ഈ സമയത്ത് കുഞ്ഞിനു പാലു നല്‍കാന്‍ ജ്യോതി സന്നദ്ധയായി എത്തുകയായിരുന്നു.
കുഞ്ഞ് വിശന്നു കരയുന്നത് കണ്ടപ്പോള്‍ സഹിക്കാനായില്ലെന്നും അതിനാലാണ് പാലൂട്ടാന്‍ തീരുമാനിച്ചതെന്നും ജ്യോതി വാര്‍ത്താ ഏജന്‍സിയോടു പ്രതികരിച്ചു. അതേസമയം, ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുഞ്ഞിന്റെ ആരോഗ്യനില മെച്ചപ്പെട്ടതായി പോലീസ് അറിയിച്ചു. കുഞ്ഞിനെ ഉപേക്ഷിച്ചവരെ കുറിച്ച് ഇതുവരെ വിവരമൊന്നും ലഭിച്ചിട്ടില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.