പ്രസവ ശസ്ത്രക്രിയയുടെ വീഡിയോ സോഷ്യല്‍ മിഡിയയില്‍ പോസ്റ്റ് ചെയ്തു; ഡോക്ടര്‍ക്കെതിരേ പരാതിയുമായി യുവതി
അബുദാബി: തന്റെ അനുവാദമില്ലാതെ പ്രസവ ശസ്ത്രക്രിയയുടെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്ത ഡോക്ടര്‍ക്കെതിരേ നിയമനടപടിയുമായി യുവതി. ഇന്‍സ്റ്റഗ്രാമില്‍ അനുവാദമില്ലാതെ പ്രസവ വീഡിയോ ഇട്ടതിന് 50,000 ദിര്‍ഹം നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് യു.എ.ഇയിലെ യുവതി കേസ് ഫയല്‍ ചെയ്തത്. എന്നാല്‍, അല്‍ ഐന്‍ ഫസ്റ്റ് ഇന്‍സ്റ്റന്‍സ് കോടതി കേസ് തള്ളി.
ആശുപത്രിക്കെതിരെയും വീഡിയോ പകര്‍ത്തിയ ഡോക്ടര്‍ക്കെതിരെയുമാണ് യുവതി പരാതിയുമായി കോടതിയെ സമീപിച്ചത്. പ്രസവം നടക്കുന്നതിനിടെയാണ് അനുവാദം പോലും ചോദിക്കാതെ വീഡിയോ പകര്‍ത്തിയതെന്നും അതില്‍ നേരിടേണ്ടിവന്ന ധാര്‍മികവും ഭൗതികവുമായ പ്രശ്നത്തിന് നഷ്ടപരിഹാരം വേണമെന്നായിരുന്നു യുവതിയുടെ ആവശ്യം.
എന്നാല്‍, ഡോക്ടറുടെയും ആശുപത്രിയുടെയും പിഴവ് വ്യക്തമാക്കുന്ന രേഖകള്‍ തെളിവായി നല്‍കാന്‍ യുവതിക്ക് സാധിച്ചില്ലെന്ന് കാണിച്ചാണ് കോടതി കേസ് തള്ളിയത്. കോടതിയില്‍ സമര്‍പ്പിച്ച ചിത്രങ്ങളില്‍ കാണുന്നത് പരാതിക്കാരി തന്നെയാണോ എന്നത് സ്ഥിരീകരിക്കാനായിട്ടില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. കേസ് നടത്താന്‍ ആരോപണവിധേയന് ചെലവായ തുക പരാതിക്കാരി നല്‍കണമെന്നും കോടതി പറഞ്ഞു.