KeralaNEWS

അടിവസ്ത്രത്തിൽ ഒളിപ്പിച്ച് സ്വർണം കടത്തിയ 19 വയസുകാരി പിടിയിൽ, കരിപ്പുരിൽ പിടിച്ചത് ഒരു കോടിയുടെ സ്വർണം

കോഴിക്കോട്: അടിവസ്ത്രത്തിൽ ഒളിപ്പിച്ച് സ്വർണം കടത്തിയ 19 വയസുകാരി പിടിയിൽ കരിപ്പുർ വിമാനത്താവളത്തിൽ പിടിയിൽ . ദുബായില്‍ നിന്നെത്തിയ കാസര്‍കോട് സ്വദേശി ഷഹലയാണ് ഒരു കോടി രൂപയുടെ സ്വർണവുമായി പിടിയിലായത്. അടിവസ്ത്രത്തില്‍ തുന്നിച്ചേര്‍ത്താണ് സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്. യുവതിയുടെ പക്കല്‍ നിന്നും 1884 ഗ്രാം സ്വര്‍ണമാണ് പിടികൂടിയത്. കസ്റ്റംസ് പരിശോധന പൂര്‍ത്തിയാക്കി പുറത്തിറങ്ങിയപ്പോള്‍, വിമാനത്താവളത്തിന് പുറത്തു വെച്ചാണ് യുവതിയെ പൊലീസ് പിടികൂടിയത്.

ജില്ലാ പൊലീസ് മേധാവിക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് യുവതിയെ പരിശോധനയ്ക്ക് വിധേയമാക്കിയത്. സ്വര്‍ണ കടത്തുകാരുമായി തനിക്ക് ബന്ധമില്ലെന്ന് പറഞ്ഞ് നിഷേധിച്ചെങ്കിലും, യുവതിയുടെ ദേഹപരിശോധന നടത്തിയപ്പോള്‍ അടിവസ്ത്രത്തില്‍ തുന്നിച്ചേര്‍ത്ത നിലയില്‍ സ്വര്‍ണം കണ്ടെത്തുകയായിരുന്നു.

Signature-ad

കഴിഞ്ഞയിടെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ ജുവലറിയിൽ നിന്ന് സ്വർണവും പണവും പിടിച്ചിരുന്നു. നയതന്ത്ര സ്വർണക്കടത്തു കേസ് പ്രതിയുടെ ഉടമസ്ഥതയിലുള്ള ജൂവലറിയില്‍നിന്നാണ് അഞ്ചുകിലോ സ്വര്‍ണം എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) കണ്ടുകെട്ടിയത്. മലപ്പുറം സ്വദേശി അബൂബക്കര്‍ പഴയിടത്തിന്റെ ജൂവലറിയില്‍നിന്നാണ് സ്വര്‍ണാഭരണങ്ങള്‍ കണ്ടുകെട്ടിയത്. മൂന്നുലക്ഷം രൂപയും ഇ.ഡി. പിടിച്ചെടുത്തിട്ടുണ്ട്.

അബൂബക്കറുമായി ബന്ധപ്പെട്ട മലപ്പുറത്തെ നാല് കേന്ദ്രങ്ങളിലാണ് കഴിഞ്ഞദിവസം റെയ്ഡ് നടന്നത്. കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരമാണ് ഇ.ഡി. ഇയാള്‍ക്കെതിരേ നടപടി സ്വീകരിച്ചിരിക്കുന്നത്. പിടിച്ചെടുത്തത് കടത്തുസ്വര്‍ണമല്ലെന്നും എന്നാല്‍ കള്ളക്കടത്തിലൂടെ സമ്പാദിച്ച പണം ഉപയോഗിച്ച് വാങ്ങിയ സ്വര്‍ണമാണെന്നും ഇ.ഡി. അധികൃതര്‍ പറഞ്ഞു.

സ്വപ്‌ന സുരേഷ്, പി.എസ്.സരിത്ത് എന്നിവര്‍ ഉള്‍പ്പെട്ട നയതന്ത്ര സ്വര്‍ണക്കടത്ത് കേസിലെ പ്രതിയാണ് അബൂബക്കറും. സരിത്തുമായി ഇയാള്‍ക്ക് ഉറ്റബന്ധമാണുള്ളത്. നയതന്ത്ര സ്വര്‍ണക്കടത്തിന് പണം നിക്ഷേപിച്ചവരില്‍ പ്രധാനിയുമായിരുന്നു. കോണ്‍സുലേറ്റ് വഴി സ്വര്‍ണക്കടത്ത് നടത്തിയതായി അബൂബക്കറും സമ്മതിച്ചിട്ടുണ്ട്. ഈ കേസിന്റെ തുടര്‍നടപടികളുടെ ഭാഗമായാണ് ഇ.ഡി. പരിശോധന നടത്തിയത്.

Back to top button
error: