NEWSWorld

നേപ്പാളിൽ കമ്മ്യൂണിസ്റ്റ് നേതാവ് പുഷ്പ കമൽ ധഹൽ പ്രധാനമന്ത്രി, സത്യപ്രതിജ്ഞ ഇന്ന് 4 മണിക്ക്

പ്രചണ്ഡ എന്ന പേരിലറിയപ്പെടുന്ന പുഷ്പ കമല്‍ ധഹല്‍ പുതിയ നേപ്പാള്‍ പ്രധാനമന്ത്രിയായി ഇന്ന് 4 മണിക്ക് സത്യപ്രതിജ്ഞ ചെയ്യും. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് നേപ്പാള്‍- മാവോയിസ്റ്റ് സെന്റര്‍ ചെയര്‍മാനായ പ്രചണ്ഡയെ പ്രധാനമന്ത്രിയായി രാഷ്ട്രപതി ബിന്ദ്യ ദേവി ഭണ്ഡാരി നിയമിച്ചു. ഇത് മൂന്നാം തവണയാണ് പ്രചണ്ഡ നേപ്പാള്‍ പ്രധാനമന്ത്രിയാകുന്നത്‌.

പാര്‍ലമെന്റില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ രാഷ്ട്രപതി നേരത്തെ രാഷ്ട്രീയ കക്ഷികളെ ക്ഷണിച്ചിരുന്നു. പ്രതിപക്ഷമായ കമ്മ്യൂണിസ്റ്റ് യുണിഫൈഡ് മാര്‍ക്‌സിസ്റ്റ് ലെനിനിസ്റ്റ് പാര്‍ട്ടിയും മറ്റ് ചെറുകക്ഷികളുടേയും പിന്തുണയോടെയാണ് പ്രചണ്ഡ പ്രധാനമന്ത്രി സ്ഥാനത്തേക്ക് എത്തുന്നത്. ഇന്ന് (തിങ്കൾ) വൈകീട്ട് നാലുമണിക്കാണ് പ്രധാനമന്ത്രിയുടെ സത്യപ്രതിജ്ഞ.

Signature-ad

കഴിഞ്ഞ മാസം നടന്ന തിരഞ്ഞെടുപ്പില്‍ തൂക്കുസഭയായിരുന്നു നേപ്പാളില്‍ നിലവില്‍ വന്നത്. ആദ്യ രണ്ടര വര്‍ഷം പ്രചണ്ഡ പ്രധാനമന്ത്രിയാവുമെന്നാണ് ധാരണ. 275 അംഗ സഭയില്‍ 165 അംഗങ്ങളുടെ പിന്തുണ പ്രചണ്ഡ ഉറപ്പാക്കിയിട്ടുണ്ട്.

പ്രചണ്ഡ മുമ്പ് രണ്ടുതവണ നേപ്പാള്‍ പ്രധാനമന്ത്രിയായത് 2008 ലും 2016 ലുമാണ്. 13 വര്‍ഷത്തോളം ഒളിവിലായിരുന്ന പ്രചണ്ഡ സി.പി.എന്‍-മാവോയിസ്റ്റ് പാര്‍ട്ടി സായുധ പോരാട്ടം അവസാനപ്പിച്ചതിന് പിന്നാലെയാണ് മുഖ്യധാരാ രാഷ്ട്രീയത്തിലേക്ക് എത്തുന്നത്. 1996 മുതല്‍ 2006 വരെ മോവോയിസ്റ്റ് രീതികളില്‍ സായുധ പോരാട്ടത്തിന് ശ്രമിച്ച പ്രചണ്ഡ, 2006ല്‍ സമാധാന ഉടമ്പടിയില്‍ ഒപ്പുവെച്ചാണ് രാഷ്ട്രീയത്തിലേക്ക് എത്തുന്നത്. നേപ്പാളി കോണ്‍ഗ്രസുമായുള്ള സഖ്യം അവസാനിപ്പിക്കാന്‍ നേരത്തെ പ്രചണ്ഡ തീരുമാനിച്ചിരുന്നു.

Back to top button
error: