TechTRENDING

അപായം അപായം… തട്ടിപ്പുകാരുടെ കെണിയിൽ വീഴാതിരിക്കാൻ മുന്നറിയിപ്പ് ഫീച്ചറുമായി ഗൂഗിൾപേ!

ടെക്നോളജി രംഗത്ത് ഗൂഗിളിനുള്ള മേൽക്കോയ്മയും സാങ്കേതിക വിദ്യകളും ഗൂഗിൾ പേ ആപ്പിനും സഹായകമാകാറുണ്ട്. ഇപ്പോൾ ഗൂഗിൾ പേ ഉപയോക്താക്കളുടെ സുരക്ഷയ്ക്കായി ഗൂഗിൾ പേ ആപ്പിൽ ​ഒരു പുത്തൻ ഫീച്ചർ തന്നെ പുറത്തിറക്കിയെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ്. ഗൂഗിൾ പേ ഇടപാട് വഴി പണം ​കൈമാറുമ്പോൾ തട്ടിപ്പുകാരനായ ഒരാൾക്കാണ് നിങ്ങൾ പണം ​കൈമാറാൻ പോകുന്നത് എങ്കിൽ അ‌തു സംബന്ധിച്ച മുന്നറിയിപ്പ് നൽകുന്നതാണ് പുത്തൻ ഗൂഗിൾ പേ ഫീച്ചർ. ഇന്ത്യക്കാർക്ക് വേണ്ടിയാണ് ഗൂഗിൾ ഈ ഫീച്ചർ പുറത്ത് ഇറക്കിയിരിക്കുന്നത്. ഇന്ത്യയിൽ യുപിഐ (യൂണിഫൈഡ് പേയ്‌മെന്റ് ഇന്റർഫേസ്) വഴിയുള്ള പണമിടപാടുകൾ റെക്കോഡുകൾ സൃഷ്ടിച്ച് വർധിച്ചുകൊണ്ടിരിക്കുകയാണ്. പണം ​കൈമാറ്റം ഏറെ എളുപ്പത്തിൽ നടത്താൻ സഹായിക്കും എന്നത് കച്ചവടക്കാരെയും ഉപയോക്താക്കളെയുമെല്ലാം യുപിഐ ഇടപാടുകളിലേക്ക് കടക്കാൻ പ്രേരിപ്പിക്കുന്നു. ഫോൺപേ, ഗൂഗിൾപേ, പേടിഎം, ആമസോൺ പേ തുടങ്ങി നിരവധി മാർഗങ്ങളിലൂടെ ആണ് ഇന്ത്യയിൽ യുപിഐ ഇടപാടുകൾ മുന്നേറുന്നത്.

യുപിഐ ഇടപാടുകൾ നടത്തുന്ന ഇന്ത്യക്കാരുടെ പ്രിയപ്പെട്ട ആപ്പുകളിൽ ഒന്ന് ഗൂഗിൾ പേ. മറ്റ് പല ആപ്പുകളെ പോലെ തന്നെ നിരവധി ക്യാഷ്ബാക്ക് ഓഫറുകളും ഡിസ്കൗണ്ട് വൗച്ചറുകളുമൊക്കെ ഗൂഗിൾ പേയും ഉപയോക്താക്കൾക്ക് നൽകി അ‌വരെ കൂടെ നിർത്തുന്നു. പണം ​കൈമാറ്റം വേഗത്തിലും ലളിതമായും സാധ്യമാകും എന്നതും ഗൂഗിളിന്റെ ഉടമസ്ഥതയിലുള്ള ഈ ആപ്പിനെ കൂടുതൽ ജനപ്രിയമാക്കുന്നു. കഴിഞ്ഞ ദിവസങ്ങളിൽ നടന്ന ഗൂഗിൾ ഫോർ ഇന്ത്യ സമ്മേളനത്തിൽ പ്രഖ്യാപിക്കപ്പെട്ട നിരവധി ഫീച്ചറുകളുടെ കൂട്ടത്തിലാണ് ഈ ഗൂഗിൾ പേ സുരക്ഷാ മുന്നറിയിപ്പ് ഫീച്ചറും പ്രഖ്യാപിക്കപ്പെട്ടത്. ഇന്ത്യക്കാരുടെ പേയ്മെന്റുകൾ കൂടുതൽ സുരക്ഷിതമാക്കാനാണ് തങ്ങൾ ശ്രമിക്കുന്നത് എന്നാണ് ഗൂഗിൾ പറയുന്നത്. വിവിധ തലങ്ങളിലുള്ള മുന്നറിയിപ്പുകളിലൂടെ ആണ് അ‌പകടകരമായ ഇടപാടുകളെ കുറിച്ച് ഈ ഫീച്ചർ മുന്നറിയിപ്പ് നൽകുക. ഗൂഗിൾ നൽകുന്ന വിവരങ്ങൾ അ‌നുസരിച്ച് മെഷീൻ ലേണിങ് അ‌ടിസ്ഥാനമാക്കിയാണ് ഈ ഫീച്ചർ പ്രവർത്തിക്കുക. ദശലക്ഷക്കണക്കിന് ഉപയോക്താക്കളുടെ പേയ്മെന്റ് ഇടപാടുകൾ നിരീക്ഷിച്ച് വിലയിരുത്തിയാണ് അ‌പകടകരമായ പേയ്മെന്റ് അ‌ഭ്യർഥനകൾ കണ്ടെത്തുകയും മുന്നറിയിപ്പ് നൽകുകയും ചെയ്യുന്നത്.

Signature-ad

ഒരു ഇടപാട് അ‌പകടകരമാണെന്ന് കണ്ടെത്തിയാൽ ഈ ഫീച്ചർ ഉപയോക്താവ് തെരഞ്ഞെടുത്തിരിക്കുന്ന ഭാഷയിൽ മുന്നറിയിപ്പ് നൽകും ഇതോടൊപ്പം തന്നെ ശ്രദ്ധ ക്ഷണിക്കാനായി ചെറിയൊരു ​​വൈബ്രേഷനും ഉണ്ടാകും. ഇതിലൂടെ ഉപയോക്താക്കൾക്ക് തട്ടിപ്പുകളിൽ അ‌കപ്പെടാതെ ഒഴിഞ്ഞുമാറാൻ സാധിക്കുമെന്ന് ഗൂഗിൾ പറയുന്നു. ഇതിനോടകം തന്നെ ഈ ഫീച്ചർ ലഭ്യമാക്കിയതായാണ് ഗൂഗിൾ പറയുന്നത്. സെർച്ചിന്റെ പ്രവർത്തനക്ഷമത വിപുലീകരിക്കുന്നതിനായി നിരവധി ഫീച്ചറുകളും ഗൂഗിൾ ഇതോടൊപ്പം പ്രഖ്യാപിച്ചിരുന്നു. മൾട്ടി സെർച്ച് സേവനമാണ് ഗൂഗിൾ പ്രഖ്യാപിച്ച പ്രധാന ഫീച്ചറുകളിലൊന്ന്. സെർച്ച് ഇൻ വീഡിയോ ഫീച്ചർ, ഡിജിലോക്കർ, മൾട്ടിസെർച്ച്, സേർച്ച് ബാറിൽ റിസൾട്ട്, സേർച്ച് ഷോർട്ട്കട്ട് എന്നിങ്ങനെയുള്ള ഫീച്ചറുകളാണ് ഇതിൽ പ്രധാനപ്പെട്ടത്. ഡോക്ടർമാരുടെ കുറിപ്പടികൾ വായിക്കാൻ സഹായിക്കുന്ന ഫീച്ചറും ഇതോടൊപ്പം ഏറെ ശ്രദ്ധിക്കപ്പെട്ടു.

ഡിജിലോക്കർ ഫീച്ചർ വഴി ആൻഡ്രോയിഡിലെ സർട്ടിഫൈഡ് ഡിജിറ്റൽ ഡോക്യുമെന്റുകൾ സുരക്ഷിതമായി ആക്സസ് ചെയ്യാൻ ഉപയോക്താക്കളെ സഹായിക്കുമെന്ന് ഗൂഗിൾ വ്യക്തമാക്കുന്നു. ഗൂഗിൾ ആപ്പിലെ സെർച്ച് ബാറിൽ ക്ലിക്ക് ചെയ്ത് വാക്കുകൾ ടൈപ്പ് ചെയ്യുമ്പോൾ തന്നെ അതിന്റെ ഫലങ്ങൾ പ്രദർശിപ്പിക്കുന്ന ഫീച്ചർ ആളുകൾക്ക് ഏറെ ഉപകാരപ്പെടുകയും സെർച്ച് എളുപ്പമുള്ളതാക്കി മാറ്റുകയും ചെയ്യും. യൂട്യൂബ് വീഡിയോകളുടെ ഇടയിലെ ഒരു പ്രത്യേക ഭാഗം ആളുകൾക്ക് കാണണമെങ്കിൽ അ‌ത് സെർച്ച് ചെയ്ത് കണ്ടെത്താൻ കഴിയുന്ന സെർച്ച് ഇൻ വീഡിയോ ഫീച്ചറും ഏറെ പ്രതീക്ഷ നൽകുന്നുണ്ട്.

Back to top button
error: