ദില്ലി: മാധ്യമപ്രവർത്തകൻ സിദ്ദിഖ് കാപ്പന് ഇഡി കേസിലും ജാമ്യം. അലഹബാദ് ഹൈക്കോടതിയുടെ ലക്നൗ ബെഞ്ചാണ് ജാമ്യം അനുവദിച്ചത്. നേരത്തെ വിചാരണ കോടതി കേസിൽ സിദ്ദിഖ് കാപ്പന്റെ ജാമ്യ ഹർജി തള്ളിയിരുന്നു. തുടർന്നാണ് ഹൈക്കോടതിയെ സമീപിച്ചത്.
യുപി പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ സിദ്ദിഖ് കാപ്പന് നേരത്തെ സുപ്രീംകോടതി ജാമ്യം നൽകിയിരുന്നു. ഇഡി കേസിലും ജാമ്യം കിട്ടിയതോടെ സിദ്ദിഖ് കാപ്പന്റെ മോചനം വേഗത്തിലാകുമെന്ന പ്രതീക്ഷയിലാണ് കുടുംബം. എന്നാല്‍ യുപി പൊലീസിന്റെ കേസിൽ കാപ്പന് വേണ്ടി ജാമ്യം നിന്നവരുടെ വെരിഫിക്കേഷൻ നടപടികൾ ബാക്കിയാണെന്ന് അഭിഭാഷകർ അറിയിച്ചു.
ഹാത്രസില്‍ കൂട്ടബലാത്സംഗത്തിന് ഇരയായി പെണ്‍കുട്ടി മരിച്ച സ്ഥലത്തേക്ക് പോകും വഴിയാണ് സിദ്ദിഖ് കാപ്പൻ 2020 ഒക്ടോബർ അഞ്ചിന് അറസ്റ്റിലായത്. പോപ്പുലർ ഫ്രണ്ട് പ്രവർത്തകർക്കൊപ്പം യാത്ര ചെയ്ത സിദ്ദിഖ് കാപ്പന്‍ കലാപത്തിന് ശ്രമിച്ചുവെന്ന് ചൂണ്ടിക്കാട്ടി യുഎപിഎ ചുമത്തിയാണ് യുപി പൊലീസ് അറസ്റ്റ് ചെയ്തത്.