ദില്ലി: ഇടപാടുകൾ നടത്തുന്നതിന് നിക്ഷേപകരിൽ നിന്നോ ഫണ്ട് ഹൗസുകളിൽ നിന്നോ മ്യൂച്വൽ ഫണ്ട് പ്ലാറ്റ്‌ഫോമുകൾക്ക് ഫീസ് ഈടാക്കാൻ അനുവാദം നൽകുമെന്ന് സെക്യൂരിറ്റീസ് ആൻഡ് എക്‌സ്‌ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (സെബി). മ്യൂച്വൽ ഫണ്ട് പ്ലാറ്റ്‌ഫോമുകൾക്ക് പണം ഈടാക്കാം, എന്നാൽ കമ്മീഷൻ പോലുള്ള ഘടന അനുവദിക്കില്ല എന്ന് സെബി വ്യക്തമാക്കി. നിലവിൽ, ഈ ഓൺലൈൻ നിക്ഷേപ പ്ലാറ്റ്‌ഫോമുകളൊന്നും മ്യൂച്വൽ ഫണ്ട് വിൽപ്പനയിലൂടെ ഒരു വരുമാനവും ഉണ്ടാക്കുന്നില്ല. ഇടപാട് ഫീസ് ഈടാക്കാമെങ്കിലും അവ കമ്മീഷൻ പോലെ ആകരുതെന്ന് സെബി ചെയർപേഴ്‌സൺ മാധവി പുരി ബുച്ച് പറഞ്ഞു.
മ്യൂച്വൽ ഫണ്ട് നിക്ഷേപ പ്ലാറ്റ്‌ഫോമുകൾക്കായി പ്രത്യേകമായി ഒരു സംവിധാനം അവതരിപ്പിക്കുന്നതായി സെബി പ്രഖ്യാപിച്ചു. ഇതിൽ നിക്ഷേപക സംരക്ഷണ സംവിധാനം ഉണ്ടായിരിക്കുമെന്നും അത്തരം മ്യൂച്വൽ ഫണ്ട് പ്ലാറ്റ്‌ഫോമുകളുടെ പ്രവർത്തനം എളുപ്പമാക്കാൻ ഇത് സഹായിക്കുമെന്നും സെബി പ്രസ്‌താവ്‌ബാനയിൽ പറഞ്ഞു. ഈ പ്ലാറ്റ്‌ഫോമുകൾ എത്ര തുക ഈടാക്കും, ആരിൽ നിന്ന് എന്നതിനെക്കുറിച്ചുള്ള വിശദാംശങ്ങൾ പിന്നീടുള്ള ഘട്ടത്തിൽ അറിയിക്കും എന്ന സെബി വ്യക്തമാക്കി. പുതിയ സംവിധാനം അനുസരിച്ച്, ഈ പ്ലാറ്റ്‌ഫോമുകൾ നിലവിലെ രൂപത്തിൽ പ്രവർത്തനം തുടരുന്നതിന് ഒരു എക്‌സിക്യൂഷൻ ഒൺലി പ്ലാറ്റ്‌ഫോമായി (ഇഒപി) രജിസ്റ്റർ ചെയ്യേണ്ടതുണ്ട്. നിലവിൽ, ഈ പ്ലാറ്റ്‌ഫോമുകൾ ഒന്നുകിൽ നിക്ഷേപ ഉപദേഷ്ടാവ് (IA) അല്ലെങ്കിൽ ഒരു സ്റ്റോക്ക് ബ്രോക്കർ ആയി പ്രവർത്തിക്കുന്നു.
സെബിയുടെ അഭിപ്രായത്തിൽ, ഈ പ്ലാറ്റ്‌ഫോമുകൾക്ക് രണ്ട് ഓപ്ഷനുകൾ ഉണ്ടായിരിക്കും. അവർക്ക് ഒന്നുകിൽ അസോസിയേഷൻ ഓഫ് മ്യൂച്വൽ ഫണ്ട്സ് ഇൻ ഇന്ത്യയിൽ (Amfi) രജിസ്റ്റർ ചെയ്യാനും അസറ്റ് മാനേജ്മെന്റ് കമ്പനികളുടെ ഏജന്റാകാനും അല്ലെങ്കിൽ ഒരു സ്റ്റോക്ക് ബ്രോക്കറായി രജിസ്റ്റർ ചെയ്ത് നിക്ഷേപകന്റെ ഏജന്റാകാനും കഴിയും.അംഗീകൃത ചട്ടക്കൂടിന് കീഴിൽ, ഒരു എക്‌സിക്യൂഷൻ ഒൺലി പ്ലാറ്റ്‌ഫോമിന്, രണ്ട് വിഭാഗങ്ങളിൽ ഒന്നിന് കീഴിൽ രജിസ്ട്രേഷൻ അനുവദിച്ചേക്കാം. സെബി കൂടുതൽ വിശദാംശങ്ങൾ വെളിപ്പെടുത്തിയിട്ടില്ലെങ്കിലും, ഇത്തരം പ്ലാറ്റ്‌ഫോമുകൾ അതിന്റെ പ്ലാറ്റ്‌ഫോമിൽ നടത്തുന്ന എല്ലാ ഇടപാടുകൾക്കും ഉപഭോക്താവിൽ നിന്നോ ഫണ്ട് ഹൗസിൽ നിന്നോ നിരക്ക് ഈടാക്കാൻ അനുവദിക്കണമെന്ന് നിർദ്ദേശിച്ചു.
നേരിട്ടുള്ള മ്യൂച്വൽ ഫണ്ട് ഇടപാടുകളുടെ നിരക്കുകൾ ഡയറക്ട്, റെഗുലർ പ്ലാനുകൾ തമ്മിലുള്ള വ്യത്യാസം കുറയ്ക്കും. റെഗുലർ പ്ലാനുകളുടെ നിക്ഷേപകർ തങ്ങളുടെ നിക്ഷേപത്തിന്റെ ഒരു ചെറിയ ശതമാനം എല്ലാ വർഷവും അവരുടെ മ്യൂച്വൽ ഫണ്ട് വിതരണക്കാർക്ക് കമ്മീഷനായി നൽകണം, അതേസമയം നേരിട്ടുള്ള പ്ലാനുകൾക്ക് അത്തരം വ്യവസ്ഥകളൊന്നുമില്ല. നേരിട്ടുള്ള പ്ലാനുകൾ മാത്രം നൽകുന്ന ഓൺലൈൻ നിക്ഷേപ പ്ലാറ്റ്‌ഫോമുകളുടെ ജനപ്രിയതയിലേക്ക് ഇത് നയിച്ചു.