കണ്ണൂര്‍: ഫിഫ ലോകകപ്പ് ഫുട്‌ബോള്‍ ഫൈനലില്‍ അര്‍ജന്റീനയുടെ വിജയത്തിന് പിന്നാലെ എസ്.ഐയെ ആക്രമിച്ച ആരാധകര്‍ക്കെതിരേ പോലീസ് കേസെടുത്തു. സഫ്വാന്‍, സല്‍മാന്‍ എന്നിവര്‍ക്കെതിരെയാണ് പോലീസ് കേസെടുത്തത്. കണ്ടാലറിയാവുന്ന പത്ത് പേര്‍ക്കെതിരെയും കേസുണ്ട്.
തലശേരി നഗരത്തില്‍ ആഹ്‌ളാദ പ്രകടനം നടത്തിയ അര്‍ജന്റീനിയന്‍ ആരാധകര്‍ മറ്റു ടീമുകളുടെ ഫ്‌ളക്‌സ് ബോര്‍ഡുകള്‍ നശിപ്പിക്കുകയും ഫ്രാന്‍സിനെ അനുകൂലിക്കുന്നവരുമായി ഏറ്റുമുട്ടുകയും ചെയ്തതോടെയാണ് പ്രശ്‌നം ആരംഭിച്ചത്. തലശേരി പഴയ ബസ് സ്റ്റാന്‍ഡില്‍ വെച്ച് ആരാധകരെ തടയാന്‍ ശ്രമിച്ച പോലീസിനെതിരേ ആരാധകര്‍ തിരിയുകയായിരുന്നു. കൂട്ടമായി എത്തിയവരെ നിയന്ത്രിക്കാന്‍ ശ്രമിക്കുന്നതിനിടെയില്‍ എസ്.ഐയെ ആക്രമിച്ച് പോലീസ് വാഹനം തടയുകയും പോലീസിന്റെ കൃത്യ നിര്‍വഹണം തടസപ്പെടുത്തുകയുമായിരുന്നു. ഈ സംഭവത്തിലാണ് പോലീസ് കേസെടുത്തിരിക്കുന്നത്.
പയ്യാമ്പലം പള്ളിയാം മൂലയില്‍ ആരാധകര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ നാലു പേര്‍ക്ക് കുത്തേറ്റ സംഭവത്തില്‍ കണ്ണൂര്‍ ടൗണ്‍ പോലീസ് നടപടി സ്വീകരിച്ചു. മണല്‍ സ്വദേശികളായ സജിന്‍, പ്രജോഷ്, സിനിഷ് വിജയന്‍, ഷൈജു, പ്രശോഭ് എന്നിവര്‍ പിടിയിലായി. അറസ്റ്റിലായ പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. കഴിഞ്ഞ ദിവസം പുലര്‍ച്ചെ അഞ്ചു മണിയോടെയാണ് അക്രമം നടന്നത്. പള്ളിയാം മൂല സ്വദേശികളായ അനുരാഗ് (22) ആദര്‍ശ് (23) നകുല്‍(22) അലക്‌സ് (24) എന്നിവര്‍ക്കാണ് കുത്തേറ്റത്. ഇതില്‍ അനുരാഗ് ഗുരുതരമായ പരിക്കുകളോടെ ചാലയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.
പള്ളിയാം മൂലയിലെ ബിഗ് സ്‌ക്രീനില്‍ ഫൈനല്‍ മത്സരം കഴിഞ്ഞപ്പോഴാണ് സംഘര്‍ഷമുണ്ടായത്. ബ്രസീല്‍, കൊയേഷ്യന്‍ മത്സരത്തില്‍ ബ്രസീല്‍ തോറ്റപ്പോള്‍ ആരാധകര്‍ തമ്മില്‍ ഇവിടെ വാക്തര്‍ക്കവും സംഘര്‍ഷവുമുണ്ടായിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് ഇന്ന് രാവിലെയുണ്ടായ ഏറ്റുമുട്ടല്‍. ഫൈനലില്‍ അര്‍ജന്റീന ജയിച്ചശേഷം അനുരാഗ് ഉള്‍പ്പെടെയുള്ളവര്‍ കളിയാക്കിയപ്പോള്‍ ഇരുകൂട്ടരും തമ്മില്‍ സംഘര്‍ഷമുണ്ടാവുകയും പ്രതികള്‍ കത്തി ഉപയോഗിച്ച് കുത്തുകയുമായിരുന്നു. ലോകകപ്പ് ഫൈനലില്‍ ഫ്രാന്‍സിനെ കീഴടക്കി അര്‍ജന്റീന വിജയിച്ചതിന് പിന്നാലെ കണ്ണൂര്‍ ജില്ലയിലെ വിവിധയിടങ്ങളില്‍ നടന്ന ആഹ്‌ളാദ പ്രകടനം അക്രമാസക്തമായി.