സാമ്പത്തിക ക്രമക്കേട്; കെ.എം ഷാജിയുടെ ഭാര്യയുടെ മൊഴി രേഖപ്പെടുത്തുന്നു
കോഴിക്കോട്: പ്ലസ്ടു കോഴക്കേസില്‍ എംഎല്‍എ കെ.എം ഷാജിയുടെ ഭാര്യയുടെ മൊഴി എടുത്ത് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്.
ഷാജിയുടെ ഭാര്യ കെ.എം. ആശയുടെ മൊഴിയാണ് ഇഡി രേഖപ്പെടുത്തുന്നത്. മൊഴി നല്‍കാന്‍ ആശ ഇഡി കോഴിക്കോട് സബ് സോണല്‍ ഓഫീസില്‍ എത്തി. കോഴ വാങ്ങിയെന്ന് കരുതുന്ന സമയത്താണ് ആശയുടെ പേരില്‍ കെ.എം.ഷാജി കോഴിക്കോട് വേങ്ങേരിയില്‍ മൂന്ന് നില വീട് നിര്‍മിച്ചത്. ഇതുമായി ബന്ധപ്പെട്ട മുഴുവന്‍ രേഖകളും ഹാജരാക്കാന്‍ ഇഡി ആവശ്യപ്പെട്ടിട്ടുണ്ട്.
അഴിക്കോട്ടെയും കോഴിക്കോട്ടെയും വീടുകള്‍ ഭാര്യ ആശയുടെ പേരിലാണുള്ളത്. വീട് നിര്‍മാണവുമായി ബന്ധപ്പെട്ട സാമ്പത്തിക സ്രോതസുകളെക്കുറിച്ചും കഴിഞ്ഞ പത്ത് വര്‍ഷമായി നടന്ന ബാങ്ക് അക്കൗണ്ട് വഴി നടന്ന ഇടപാടുകളെ സംബന്ധിച്ചും ഇ.ഡി. ചോദിച്ചറിഞ്ഞേക്കും. നാളെ ഷാജിയുടെ മൊഴിയെടുക്കുന്നതിന് മുന്നോടിയായിട്ടാണ് ഭാര്യയുടെ മൊഴി രേഖപ്പെടുത്തുന്നത്.
അഴീക്കോട് മണ്ഡലത്തിലെ സ്‌കൂളിന് പ്ലസ്ടു അനുവദിക്കുന്നതിന് 25 ലക്ഷം രൂപ കെ.എം. ഷാജി കൈപ്പറ്റിയെന്ന കണ്ണൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പത്മനാഭന്റെ പരാതിയെ തുടര്‍ന്നാണ് സാമ്പത്തികസ്രോതസ്സ് കണ്ടെത്താന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷണം തുടങ്ങിയത്.