പൃഥ്വിരാജ് കേന്ദ്രകഥാപാത്രമായെത്തുന്ന പുതിയ ചിത്രം ‘കാപ്പ’യുടെ സെന്‍സറിങ് പൂര്‍ത്തിയായി. U/A സര്‍ട്ടിഫിക്കറ്റാണ് സിനിമയ്ക്ക് ലഭിച്ചിരിക്കുന്നത്. ക്രിസ്മസ് റിലീസായെത്തുന്ന ചിത്രം ഡിസംബര്‍ 22ന് തിയേറ്ററുകളിലെത്തും. ആസിഫ് അലി, അപര്‍ണ ബാലമുരളി, അന്നാ ബെന്‍ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ജി.ആർ. ഇന്ദുഗോപന്റെ ‘ശംഖുമുഖി’ എന്ന നോവലിന്റെ അടിസ്ഥാനമാക്കി ഒരുക്കിയ സിനിമ ഷാജി കൈലാസാണ് സംവിധാനം ചെയ്തിരിക്കുന്നത്. ഇന്ദുഗോപൻ തന്നെയാണ് സിനിമയുടെയും രചയിതാവ്. ഫെഫ്ക റൈറ്റേഴ്സ് യൂണിയൻ, തിയറ്റർ ഓഫ് ഡ്രീംസ്, സരേഗമ ഇന്ത്യ ലിമിറ്റഡ് എന്നിവയുടെ ബാനറിൽ ഡോൾവിൻ കുര്യാക്കോസ്, ജിനു വി. എബ്രഹാം, ദിലീഷ് നായർ, വിക്രം മെഹ്റ, സിദ്ധാർത്ഥ് ആനന്ദ് കുമാർ എന്നിവർ ചേർന്നാണ് നിർമാണം.
തിരുവനന്തപുരത്തെ വിറപ്പിക്കുന്ന ഗുണ്ടാ നേതാവാണ് പൃഥ്വിരാജിന്റെ കൊട്ട മധു. വിദ്യാഭ്യാസവും ആഴത്തിലുള്ള വായനയും കനലെരിയുന്ന ജീവിതാനുഭവങ്ങളുമുള്ള കൊട്ട മധുവിന്റെ കഥാപാത്രം പ്രേക്ഷകരെ ത്രസിപ്പിക്കും എന്ന പ്രതീക്ഷയിലാണ് അണിയറക്കാർ. സ്വന്തം ഇഷ്ടപ്രകാരമല്ലാതെ യുവാക്കൾ എങ്ങനെ ക്വട്ടേഷൻ സംഘങ്ങളുടെ തലവൻമാരായി വാഴ്ത്തപ്പെടുന്നു എന്നത് കൂടിയാണ് ഈ സിനിമയുടെ ഇതിവൃത്തം.