വെളിച്ചം
ആ രാജാവിന് ഒരു ശീലമുണ്ടായിരുന്നു. ഓരോ പ്രഭാതത്തിലും കൊട്ടാരത്തില്‍ ആദ്യമെത്തുന്ന വ്യക്തിക്ക് എന്ത് ചോദിച്ചാലും നല്‍കും. അന്ന് കൊട്ടാരത്തിലെത്തിയത് ഒരു സന്യാസിയാണ്. അദ്ദേഹം കയ്യിലിരുന്ന പാത്രം നീട്ടിയിട്ട് അത് നിറയെ സ്വര്‍ണ്ണനാണയം വേണമെന്ന് ആവശ്യപ്പെട്ടു. രാജാവ് ഒരു പിടി സ്വര്‍ണ്ണനാണയം ഇട്ടു. പക്ഷേ, പാത്രം ശൂന്യമായിരുന്നു. രാജാവ് വീണ്ടും വീണ്ടും നാണയങ്ങള്‍ ഇട്ടു. എത്രയിട്ടിട്ടും പാത്രം നിറഞ്ഞില്ല.
രാജാവ് സംശയമായി:
“ഈ പാത്രം എവിടെ നിന്നു കിട്ടി…? ഇതൊരു സാധാരണ പാത്രമല്ലല്ലോ…”
“എനിക്ക് മനുഷ്യന്റെ ഒരു തലയോട്ടി വഴിയില്‍ നിന്നും കിട്ടി. അതുകൊണ്ട് ഉണ്ടാക്കിയ പാത്രമാണിത്….”
സന്യാസിയുടെ ശാന്തവും സൗമ്യവുമായ വാക്കുകൾക്കായി രാജാവ് ആകാംക്ഷാപൂർവ്വം കാതോർത്തു:
“എത്ര കിട്ടിയാലും മനുഷ്യന് മതിയാകില്ലല്ലോ..! ആഗ്രഹങ്ങള്‍ ഇല്ലാത്ത ആരും ഉണ്ടാകില്ല. ശ്വാസോച്ഛാസം പോലും ജീവിക്കണമെന്ന ആഗ്രഹത്തിന്റെ ബാക്കിപത്രമാണ്. അതു നശിക്കുന്നവരാണ് ആത്മഹത്യയ്ക്ക് മുതിരുന്നത്. ആഗ്രഹങ്ങള്‍ക്ക് പ്രായപരിധിയില്ല. മുട്ടിലിഴയുന്ന കുട്ടിയും വടിയൂന്നി നടക്കുന്ന വൃദ്ധനും തങ്ങളുടേതായ താല്‍പര്യങ്ങളുടെ പിന്നാലെ പായുന്നു. ആഗ്രഹങ്ങള്‍ക്ക് ഒരിക്കലും അന്തമുണ്ടാകാറില്ല. മനസ്സിനിഷ്ടപ്പെട്ട ഒന്ന് നേടിയെന്നത് ഇനിയൊന്നും വേണ്ട എന്നതിന് കാരണമല്ല. അത് പലപ്പോഴും മെച്ചപ്പെട്ട മറ്റൊന്നിലേക്ക് നീങ്ങുന്നതിനുള്ള പ്രചോദനമാണ്. പ്രായോഗികതയുടേയും സാമാന്യയുക്തിയുടേയും നിയന്ത്രണപരിധിക്കുള്ളില്‍ തങ്ങളുടെ ഇഷ്ടങ്ങളെ നിലനിര്‍ത്താൻ ആഗ്രഹിക്കുന്നവരാണ് തങ്ങളുടെ നേട്ടങ്ങളിലേക്ക് പക്വതയോടെ സഞ്ചരിക്കുന്നത്. നമുക്ക് ആഗ്രഹങ്ങള്‍ അതിരുകടക്കാതിരിക്കാന്‍ ശ്രമിക്കാം…”
ആ അത്ഭുത പാത്രത്തിൻ്റെ പൊരുളറിഞ്ഞ രാജാവ് സന്യാസിയെ താണു വണങ്ങി.
സൂര്യനാരായണൻ