ആലപ്പുഴ: കുട്ടനാട് എം.എല്‍.എ തോമസ് കെ. തോമസിനെതിരേ പരാതി നല്കിയ എന്‍.സി.പി. വനിതാ നേതാവ് ജിഷക്കെതിരേയും പോലീസ് കേസെടുത്തു. തന്നെയും ഭാര്യയെയും അധിക്ഷേപിച്ചെന്ന എം.എല്‍.എയുടെ പരാതിയിലാണ് പോലീസ് കേസെടുത്തത്. അതിനിടെ, എം.എല്‍.എക്കെതിരായ പരാതിയില്‍ ജിഷ പോലീസിന് നല്കിയ മൊഴിയുടെ വിശദാംശങ്ങളും പുറത്തുവന്നു.
യോഗത്തിന് മുമ്പ് എം.എല്‍.എ. അസഭ്യം പറഞ്ഞതായും എം.എല്‍.എയുടെ ഭാര്യ ജാതിപ്പേര് വിളിച്ച് ആക്ഷേപിച്ചെന്നുമാണ് ജിഷയുടെ മൊഴിയിലുള്ളത്. പാര്‍ട്ടി അംഗമല്ലാത്തവര്‍ വേദിവിട്ട് പോകണമെന്ന് ആവശ്യപ്പെട്ടപ്പോളാണ് എം.എല്‍.എയുടെ ഭാര്യ ജാതിപ്പേര് വിളിച്ച് ആക്ഷേപിച്ചതെന്നും തനിക്ക് മര്‍ദനമേറ്റതായും ഇവര്‍ മൊഴി നല്‍കിയിട്ടുണ്ട്.
കഴിഞ്ഞദിവസം ഹരിപ്പാട് നടന്ന എന്‍.സി.പി. യോഗത്തിലാണ് നാടകീയസംഭവങ്ങള്‍ അരങ്ങേറിയത്. ഇതിനു പിന്നാലെയാണ് ജിഷ പരാതിയുമായി പോലീസിനെ സമീപിച്ചത്. എന്നാല്‍, ജിഷക്കെതിരേ എം.എല്‍.എയും ജില്ലാ പോലീസ് മേധാവിക്ക് പരാതി നല്കി. സംഭവത്തില്‍ വിശദീകരണം നല്കാന് എം.എല്‍.എ. ഇന്നു മാധ്യമങ്ങളെ കാണും.