CrimeNEWS

ബ്രിട്ടനില്‍ മലയാളി നഴ്‌സിനെ കൊന്നത് ശ്വാസം മുട്ടിച്ച്, ഭര്‍ത്താവിനെതിരേ കൊലക്കുറ്റം ചുമത്തും

ലണ്ടന്‍: ബ്രിട്ടണിലെ മലയാളി നഴ്സിന്റെ മരണം കൊലപാതകമാണെന്ന് തെളിഞ്ഞു. വൈക്കം സ്വദേശി അഞ്ജുവിനെ ഭര്‍ത്താവ് സാജു ശ്വാസം മുട്ടിച്ച് കൊല്ലുകയായിരുന്നുവെന്ന് ബന്ധുക്കളെ ബ്രിട്ടീഷ് പോലീസ് അറിയിച്ചു. അഞ്ജുവിന്റെ പിതാവ് അശോകനെ ദ്വിഭാഷിയുടെ സഹായത്തോടെ വിളിച്ചാണ് ബ്രിട്ടീസ് പോലീസ് ഇക്കാര്യം കുടുംബത്തെ അറിയിച്ചത്.

വ്യാഴാഴ്ചയാണ് അഞ്ജുവിനെയും രണ്ടു മക്കളെയും ഗുരുതരാവസ്ഥയില്‍ വീട്ടില്‍ കണ്ടെത്തിയത്. കെറ്ററിങ് ജനറല്‍ ആശുപത്രിയിലെ നഴ്സായിരുന്നു അഞ്ജു. നാലും ആറും വയസുള്ള കുട്ടികളാണ് മരിച്ചത്.

Signature-ad

ഷാളോ കയറോ ഉപയോഗിച്ച് കഴുത്ത് ഞെരിച്ചാണ് അഞ്ജുവിനെ കൊലപ്പെടുത്തിയെന്നാണ് പോലീസിന്റെ നിഗമനം. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടും ഇതിലേക്കാണ് വിരല്‍ചൂണ്ടുന്നത്. അഞ്ജുവിന്റെ ശരീരത്തില്‍ മുറിവുകളുമുണ്ടായിരുന്നു. കസ്റ്റഡിയിലുള്ള ഭര്‍ത്താവിനെതിരേ കൊലക്കുറ്റം ചുമത്തുമെന്നും ബ്രിട്ടീഷ് പോലീസ് അറിയിച്ചിട്ടുണ്ട്.

അഞ്ജുവിനൊപ്പം കൊല്ലപ്പെട്ട മക്കളായ ജീവയുടെയും ജാന്‍വിയുടെയും മൃതദേഹങ്ങള്‍ ഇന്ന് ഉച്ചയോടെ പോസ്റ്റ്മോര്‍ട്ടം ചെയ്യും. ഇതിനുശേഷം കേസിന്റെ തുടര്‍നടപടികളിലേക്ക് പോലീസ് കടക്കും. മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാന്‍ 30 ലക്ഷത്തോളം ചെലവ് വരുമെന്നും കുടുബത്തെ പോലീസ് അറിയിച്ചിട്ടുണ്ട്. എന്നാല്‍, ഭീമമായ ഈ ചെലവ് താങ്ങാനാകാത്തതിനാല്‍ മൃതദേഹം നാട്ടിലെത്തിക്കാന്‍ സര്‍ക്കാരിന്റെ ഇടപെടലാണ് കുടുംബം ആവശ്യപ്പെടുന്നത്.

ഒന്നര വര്‍ഷം മുന്‍പാണ് കുടുംബം യു.കെയില്‍ എത്തിയത്. വൈക്കം കുലശേഖരമംഗംലം സ്വദേശിയായ അഞ്ജു ഏറെ നാളായി വിഷാദത്തിലായിരുന്നു എന്ന് പിതാവ് അശോകന്‍ പറയുന്നു.ജോലിയില്ലാത്തതിന്റെ വിഷമത്തിലായിരുന്നു ഭര്‍ത്താവ് സാജു. മാസങ്ങളായി അഞ്ജു നാട്ടിലേക്ക് പണം അയച്ചിരുന്നില്ല. പ്രണയ വിവാഹമായിരുന്നു അഞ്ജുവിന്റേയും സാജുവിന്റേയും. കഴിഞ്ഞ ജൂണിലാണ് ഇവര്‍ അവസാനമായി നാട്ടിലെത്തിയത്. കുട്ടികളെ യു.കെയിലേക്ക് കൊണ്ടുപോകാനായിരുന്നു ഇത്.

 

Back to top button
error: