തിരുവനന്തപുരം: കത്തു വിവാദത്തില്‍ തിരുവനന്തപുരം കോര്‍പറേഷനില്‍ സമരം ചെയ്തതിന് അറസ്റ്റിലായ ബി.ജെ.പി കൗണ്‍സിലര്‍മാരെ ജാമ്യത്തില്‍ വിട്ടയച്ചു. വെള്ളിയാഴ്ച രാത്രി പത്തരയോടെയാണു കൗണ്‍സിലര്‍മാരെ അറസ്റ്റ് ചെയ്തത്. സമരം ശക്തമായി മുന്നോട്ടു കൊണ്ടുപോകുമെന്നു ബി.ജെ.പി ജില്ലാ പ്രസിഡന്റ് വി.വി.രാജേഷ് പ്രതികരിച്ചു.
മേയര്‍ ആര്യാ രാജേന്ദ്രനെ തടഞ്ഞതിനു കൗണ്‍സിലര്‍മാരെ സസ്പെന്‍ഡ് ചെയ്തതില്‍ പ്രതിഷേധിച്ചാണു ബി.ജെ.പി കൗണ്‍സിലര്‍മാര്‍ കൗണ്‍സില്‍ ഹാളില്‍ രാപകല്‍ സമരം ആരംഭിച്ചത്. രാത്രി പത്തോടെ മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥരെത്തി അറസ്റ്റിനു വഴങ്ങണമെന്ന് ആവശ്യപ്പെട്ടു. എന്നാല്‍, സമരവുമായി മുന്നോട്ടു പോകാനായിരുന്നു കൗണ്‍സിലര്‍മാരുടെ തീരുമാനം.
പത്തരയോടെ മൂന്നു എ.സിമാരുടെ നേതൃത്വത്തിലെത്തിയ പോലീസ് കൗണ്‍സിലര്‍മാരെ ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്തു. കൗണ്‍സിലര്‍മാര്‍ പ്രതിഷേധ മുദ്രാവാക്യമുയര്‍ത്തി പ്രതിരോധിച്ചു. വാനിനു സമീപം പ്രവര്‍ത്തകരും പ്രതിഷേധവുമായെത്തി. അറസ്റ്റ് ചെയ്ത പ്രവര്‍ത്തകരെ നന്ദാവനം എ.ആര് ക്യാംപിലേക്കാണു മാറ്റിയത്.