തിരുവനന്തപുരം: വര്‍ക്കല ബിവറേജസ് ഔട്ട്ലെറ്റ് കുത്തിത്തുറന്ന് മോഷണം നടത്തിയ മൂന്നംഗ സംഘത്തിലെ രണ്ടുപേര്‍ പിടിയിലായി. വര്‍ക്കല കോട്ടമൂല സ്വദേശി അസിം (33), അയിരൂര്‍ കോവൂര്‍ സ്വദേശി അജിത്ത് (25) എന്നിവരാണ് പോലീസിന്റെ പിടിയിലായത്.
തിങ്കളാഴ്ച പുലര്‍ച്ചെ 1.30 ഓടെയാണ് വര്‍ക്കല ബിവറേജസ് ഔട്ട്ലെറ്റിന്റെ പൂട്ട് കുത്തിത്തുറന്ന് ഗ്രില്‍ വളച്ച് മോഷ്ടാക്കള്‍ അകത്ത് കയറിയത്. ഔട്ട്ലെറ്റിന്റെ മാനേജര്‍ ക്യാബിനു സമീപത്ത് സൂക്ഷിച്ചിരുന്ന വിലകൂടിയ മുന്തിയ ഇനം വിദേശനിര്‍മ്മിത മദ്യമാണ് സംഘം മോഷ്ടിച്ചത്. ഓഫീസില്‍ ഉപയോഗിക്കുന്ന മൊബൈല്‍ ഫോണും മോഷണം പോയിരുന്നു. ഇത് ഇവരില്‍ നിന്നും കണ്ടെടുത്തിട്ടുണ്ട്.
സേഫ് ലോക്കറിനുള്ളില്‍ ഉണ്ടായിരുന്ന പണം കവരാന്‍ ശ്രമിച്ചെങ്കിലും സേഫ് ലോക്കര്‍ പൊളിക്കാന്‍ പ്രതികള്‍ക്ക് ആയില്ല. ഔട്ട്ലെറ്റിലെ ഓഫീസില്‍ ഉണ്ടായിരുന്ന മൂന്നു ബാഗുകളില്‍ ആയാണ് ഇവര്‍ 31 കുപ്പി മദ്യവും കടത്തിയത്. ബിവറേജ് ഔട്ട്ലെറ്റിന്റെ ഇലക്ട്രിസിറ്റി കണക്ഷന്‍ വിച്ഛേദിച്ചാണ് പ്രതികള്‍ ഉള്ളില്‍ പ്രവേശിച്ചത്.
അതുകൊണ്ടുതന്നെ ബിവറേജസ് ഔട്ട്ലെറ്റിലെ സിസി ടിവിയില്‍ മോഷ്ടാക്കളുടെ ദൃശ്യങ്ങള്‍ ലഭ്യമായിരുന്നില്ല. തുടര്‍ന്ന് സമീപത്തെ ലോഡ്ജിന്റെ സിസി ടിവി പരിശോധിച്ചതോടെയാണ് മൂന്നുപേര്‍ ഔട്ട്ലെറ്റിനുള്ളില്‍ കടന്നതിന്റെ ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചത്.
മോഷണം നടത്തിയ മദ്യം വില്‍പ്പന നടത്തിയതിന്റെ പേരില്‍ അബ്കാരി നിയമപ്രകാരം കേസെടുത്തതായും ഒളിവില്‍ പോയ പ്രതിയെ പിടിക്കുന്നതിന് അന്വേഷണം ഊര്‍ജിതമാക്കിയതായും പോലീസ് അറിയിച്ചു.