കാനഡയിലും യൂറോപ്പിലും കോവിഡ് രൂക്ഷം; മൂന്ന് പാളി മാസ്ക് ധരിക്കാന്‍ നിര്‍ദേശം
കാനഡയിലും യൂറോപ്പിലും കോവിഡ് വ്യാപനം രൂക്ഷമാകുന്നു. ഈ സാഹചര്യത്തില്‍ മുന്‍കരുതല്‍ നടപടിയെന്നോണം മൂന്ന് പാളികളുളള മാസ്ക് ധരിക്കാന്‍ ജനങ്ങളോട് ആവശ്യപ്പെട്ട് പബ്ലിക് ഹെല്‍ത്ത് ഏജന്‍സി.
ഫില്‍റ്റര്‍ പാളി ഉള്‍പ്പെടുന്ന മൂന്നു പാളികളുള്ള മെഡിക്കല്‍ ഇതര മാസ്ക് ധരിക്കാനാണ് നിര്‍ദ്ദേശം. കോട്ടണോ ലിനനോ പോലുള്ള സാമഗ്രികള്‍ ഉപയോഗിച്ചായിരിക്കും ഇതിന്റെ രണ്ട് പാളികള്‍ നിര്‍മിച്ചിരിക്കുക. മൂന്നാമത്തെ മധ്യ പാളി നോണ്‍-വൂവന്‍ പോളിപ്രൊപ്പിലൈന്‍ തുണി പോലുള്ള ഫില്‍റ്റര്‍ ടൈപ്പ് തുണി ഉപയോഗിച്ചുള്ളതാകണമെന്ന് ആരോഗ്യ അധികൃതര്‍ പറയുന്നു. ഈ പാളി അണുബാധ പരത്തുന്ന ചെറു കണികകളെ ഫില്‍റ്റര്‍ ചെയ്ത് നീക്കി മികച്ച സുരക്ഷ നല്കുന്നു. വായും മൂക്കും മൂടുന്ന കൃത്യം ഫിറ്റിലുള്ള മാസ്ക് ധരിക്കണമെന്നും ആരോഗ്യ പ്രവര്‍ത്തകര്‍ നിര്‍ദ്ദേശിക്കുന്നു.
അതേസമയം, യൂറോപ്പിലും യുകെയിലും പലയിടങ്ങളിലും ലോക്ഡൗണുകള്‍ ഏര്‍പ്പെടുത്തി. കാനഡയിലും സ്ഥിതി വ്യത്യസ്തമല്ല. 2,51,338 പേര് കോവിഡ് ബാധിതരായ കാനഡയില്‍ ഇതേ വരെ 10,381 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്.